വി. സൈദ് മുഹമ്മദ് തങ്ങൾ; വിട വാങ്ങിയത് കോൺഗ്രസിന്റെ പൊന്നാനിയിലെ സൗമ്യമുഖം
text_fieldsമുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പം വി. സൈദ് മുഹമ്മദ് തങ്ങൾ (ഫയൽ ഫോട്ടോ )
പൊന്നാനി: മുതിർന്ന കോൺഗ്രസ് നേതാവ് വി. സെയ്ദ് മുഹമ്മദ് തങ്ങളുടെ വിയോഗത്തിലൂടെ പൊന്നാനിക്ക് നഷ്ടമായത് സൗമ്യനായൊരു രാഷ്ട്രീയ നേതാവിനെ. പൊന്നാനിയുടെ സാമൂഹിക, രാഷ്ട്രീയ, ആത്മീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. കോൺഗ്രസ് രാഷ്ട്രീയത്തിൽ പൊന്നാനിയുടെ അനിഷേധ്യ മുഖമായി നിറഞ്ഞു നിന്നു. ജനകീയ സമരങ്ങളിലും രാഷ്ട്രീയ പോരാട്ടങ്ങളിലും അവസാനകാലം വരെ നിറഞ്ഞുനിന്നു.
രാഷ്ട്രീയത്തെ സൗമ്യമായി അവതരിപ്പിക്കുന്ന വേറിട്ടൊരു രീതി അവലംബിച്ചുവെന്നതാണ് തങ്ങളെ വ്യത്യസ്തനാക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ പൊന്നാനിയുടെ മേൽവിലാസമായി അടയാളപ്പെടുത്തിയ ശേഷമാണ് പടിയിറക്കം. പതിറ്റാണ്ടുകളുടെ കോൺഗ്രസ് പാരമ്പര്യവും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായുള്ള അടുത്ത ബന്ധവും കൈമുതലായുണ്ടായിട്ടും പൊന്നാനിയുടെ രാഷ്ട്രീയ പരിസരത്തോട് ചേർന്നുനിന്ന് പൊതുപ്രവർത്തനം നടത്താനാണ് തങ്ങൾ ഇഷ്ടപ്പെട്ടത്.
അടിമുടി കോൺഗ്രസുകാരനാകുമ്പോൾ തന്നെ എല്ലാവരുടേയും ആളാകുന്നതിൽ തങ്ങൾക്ക് വിജയിക്കാനായി. പ്രസന്നവദനായി പൊതുഇടത്തിൽ നിലയുറപ്പിച്ച തങ്ങൾ രാഷ്ട്രീയത്തിന്റെ പേരിൽ വിദ്വേഷത്തെ കൂടെകൂട്ടിയില്ലെന്നതിനാൽ പൊതു സ്വീകാര്യനായാണ് തങ്ങളുടെ മടക്കം.
കെ.പി.സി.സി നിർവാഹ സമിതി അംഗം, യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ്, 18 വർഷം ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, പൊന്നാനി പി.സി.സി സൊസൈറ്റി പ്രസിഡൻറ്, കരിപ്പൂർ എയർപോർട്ട് ഉപദേശക സമിതി അംഗം, സംസ്ഥാന കാർഷിക വികസന ബോർഡ് അംഗം, പൊന്നാനി മുനിസിപ്പൽ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കെ. കരുണാകരൻ പുതിയ പാർട്ടി രൂപീകരിച്ചപ്പോൾ ഡി.ഐ.സിയുടെ ജില്ല പ്രസിഡന്റായി. പിന്നീട് എൻ.സി.പിയുടെ ജില്ല പ്രസിഡന്റുമായി. കെ. മുരളീധരൻ കോൺഗ്രസിലേക്ക് തിരിച്ചെത്തിയപ്പോൾ തങ്ങളും കോൺഗ്രസിന്റെ ഭാഗമായി. രാഷ്ട്രീയത്തിൽ സൗമ്യതയെ കൂടെകൂട്ടി ഒച്ചപ്പാടുകളൊന്നുമില്ലാതെയാണ് സൈദ് മുഹമ്മദ് തങ്ങൾ വിട വാങ്ങുന്നത്.