ആഫ്രിക്കൻ ഒച്ച്; പൊറുതിമുട്ടി തോട്ടേക്കാട്ടുകാർ
text_fieldsതോട്ടേക്കാട് കൃഷിയിടത്തിൽ കൂട്ടത്തോടെ കണ്ടെത്തിയ ആഫ്രിക്കൻ ഒച്ച്
പൂക്കോട്ടുംപാടം: അമരമ്പലത്ത് ഒച്ചുകൾ വില്ലന്മാരായി പ്രതിസന്ധിയുയർത്തുന്നു. തോട്ടേക്കാട് ടർഫ് പരിസരത്താണ് വൈകുന്നേരമാകുന്നതോടെ നൂറുകണക്കിന് ഒച്ചുകൾ അരിച്ചെത്തുന്നത്. ആഫ്രിക്കൻ ഒച്ച് ഇനത്തിൽപ്പെടുന്നതാണിവ. ആറുമണി ആവുമ്പോഴേക്കും പല ഭാഗങ്ങളിൽനിന്നും അരിച്ചെത്തുന്ന ഒച്ചുകൾ വീടുകളിലെ ഭിത്തികളിലും അകത്തും മതിലും ചെടികളിലും മുറ്റത്തുമെല്ലാം സ്ഥാനം പിടിക്കും. എവിടെ നിന്നാണ് ഒച്ചുകളെത്തുന്ന തെന്ന് പ്രദേശവാസികൾക്കറിയില്ല.
തോട്ടേക്കാട് ഭാഗത്തെ 100 മീറ്റർ ചുറ്റളവിലെ വീടും പരിസരവുമാണ് ഒച്ചുകളാൽ നിറഞ്ഞിട്ടുള്ളത്. പറമ്പി ലെ വാഴ, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങളിലും ഇവ സ്ഥാനം പിടിച്ചിരിക്കുകയാണ്. അടുക്കളത്തോട്ടങ്ങളിലെ വിളകളെല്ലാം ഇവ തിന്ന് നശിപ്പിച്ചിട്ടുണ്ട്.
ഒച്ച് ശല്യത്താൽ പൊറുതിമുട്ടിയ ജനം കീടനാശി തളിച്ചും ഉപ്പ് വിതറിയും ബ്ലീച്ചിങ് പൗഡറിട്ടും പ്രതിവിധി തേടിയെങ്കിലും രക്ഷയില്ല.
ബന്ധപ്പെട്ട അധികൃതർ ഇടപ്പെട്ട് ഒച്ച് ശല്യത്തിൽ നിന്നുള്ള പരിഹാരം കാണാൻ തയാറാവണമെന്നും അല്ലെങ്കിൽ താമസം മാറേണ്ട ഗതികേടിലാണെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ഏതാനും വർഷം മുമ്പ് പഞ്ചായത്തിലെ തൊണ്ടി പ്രദേശത്തും ഇതുപോലെ ഒച്ച് ശല്യമുണ്ടായിരുന്നു.