Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkottumpadamchevron_rightവനത്തിനകത്ത് അഴുകിയ...

വനത്തിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി

text_fields
bookmark_border
വനത്തിനകത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി
cancel
camera_alt

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ച്ച​ന​ള ഉ​ന്ന​തി​യി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ചു​മ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​ന്നു

പൂക്കോട്ടുംപാടം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കരുളായി വനം റെയ്ഞ്ചിന് കീഴിലെ അമരമ്പലം പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന അച്ചനള ചോലനായിക്ക ആദിവാസി സങ്കേതത്തോട് ചേർന്നുള്ള വലിയച്ചൻത്തോടിന് സമീപത്തെ പുല്ലട്ടിക്കുന്നിലാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. അച്ചനളയിലെ ആദിവാസിയായ മാതൻകുട്ടിയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം.

വനത്തിനകത്തെ കടുവ കണക്കെടുപ്പിന്റെ ഭാഗമായി കാമറകൾ മാറ്റി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ഒരു മാസത്തോളം പഴക്കമുള്ള ജഡം കണ്ടെത്തിയത്. ഉൾവനത്തിൽനിന്ന് തിരിച്ചെത്തിയ വനപാലകർ വിവരമറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഏഴോടെ റവന്യൂ, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

നിലമ്പൂർ തഹസിൽദാർ വിനോദ് കുമാർ, പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ഫോറൻസിക് സയന്റിഫിക് ഓഫിസർ ഇസ്ഹാഖ്, ഫിംഗർ പ്രിന്റ് ഓഫീസർ നൂറുദ്ദീൻ, പൊലീസ് ഫോട്ടോ ഗ്രാഫർ വിമൽ എന്നിവർ സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.

കാട്ടിൽനിന്ന് മൃതദേഹം ചുമന്നെത്തിച്ചത് അതിസാഹസികമായി

പൂക്കോട്ടുംപാടം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെത്തിച്ചത് ദുർഘടപാതകളിലൂടെ അതിസാഹസികമായി. ടി.കെ കോളനിയിൽനിന്ന് ഏകദേശം നാല് കിലോമീറ്റർ ഉൾവനത്തിലുള്ള അച്ചനള ഉന്നതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ഉൾപ്പെട്ട സംഘം സംഭവസ്ഥലത്തെത്തി. ഉൾക്കാട്ടിലൂടെ ഒരു മണിക്കൂറോളം കാൽനടയായി സഞ്ചരിച്ചാണ് സംഘം അച്ചനള ഉന്നതിയിലെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ചുമന്നാണ് മലയിറക്കിയത്. ടി.കെ കോളനി വരെ മൃതദേഹം ചുമന്നെത്തിക്കുകയും അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. വ്യാഴാഴ്ച മഞ്ചേരി മെഡിക്കൽ കോളജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു. പൂക്കോട്ടുംപാടം എസ്.ഐ ദിനേഷ്‌ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ റിയാദ്, ബിനീഷ്, ഐ.ടി.ഡി.പി ജീവനക്കാർ, ഇ.ആർ.എഫ് അംഗം ഷബീറലി എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.

Show Full Article
TAGS:Body found Decomposed Body manjeri medical college 
News Summary - Body found decomposed in forest shifted to Manjeri Medical College
Next Story