അമരമ്പലത്ത് കുടിവെള്ളം മുടങ്ങിയിട്ട് രണ്ടുമാസം
text_fieldsഅമരമ്പലത്ത് മാമ്പറ്റ വാർഡിൽ വാർഡ് അംഗം നൗഷാദ് പൊട്ടേങ്ങൽ കുടിവെള്ളം വിതരണം നടത്തുന്നു
പൂക്കോട്ടുംപാടം: അമരമ്പലത്ത് കുടിവെള്ളം മുട്ടിയിട്ട് ഒന്നര മാസം പിന്നിടുന്നു. ഗ്രാമ പഞ്ചായത്ത് അധികൃതരും ജലവിഭവ വകുപ്പ് അധികൃതരും നിസ്സംഗത തുടരുന്നു. മലയോര പാത നിർമാണ ഭാഗമായി ജല വിഭവ വകുപ്പിന്റെ പ്രവൃത്തികൾ നടക്കുന്നതിനാലാണ് കുടിവെള്ളം മുടങ്ങാൻ കാരണം. എന്നാൽ, വേനൽ കടുത്തതോടെ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ രൂക്ഷമായ കുടിവെള്ള പ്രശ്നം തലപൊക്കി. പ്രധാന ജലസ്രോതസ്സുകൾ എല്ലാം വരേണ്ടതോടെ പൊതുജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ജലവിഭവ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുണ്ടായ ശീതസമരമാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കാലതാമസം എന്നാണ് പറയപ്പെടുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് അസി. എൻജിനീയർ ഈ ബുധനാഴ്ച ഉറപ്പായും കുടിവെള്ളം പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം.
വെള്ളം മുട്ടിയ പൊതുജനം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയെങ്കിലും അധികാരികൾ നിസ്സംഗത തുടരുകയാണ്. ചില വാർഡുകളിൽ വാർഡ് അംഗങ്ങൾ മുന്നിട്ടിറങ്ങി സ്വന്തം ചെലവിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ശിഹാബ് തങ്ങൾ റിലീഫ് സെല്ലും ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്. ജലവിതരണം മുടങ്ങിയതോടെ കുടിക്കാനും അലക്കാനും കുളിക്കാനും എല്ലാം ജലവകുപ്പിനെ ആശ്രയിച്ച ഗുണഭോക്താക്കൾ ഏറെ ദുരിതത്തിലാണ്.
ഗ്രാമപഞ്ചായത്ത് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ ടെൻഡർ വിളിച്ചെങ്കിലും ഇതുവരെയും ആരുമെത്തിയിട്ടില്ല.