തേൾപ്പാറ-കോഴിക്കോട് കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു
text_fieldsസർവിസ് പുനരാരംഭിച്ച തേൾപ്പാറ - കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പൂക്കോട്ടുംപാടം: കോവിഡ് കാലത്ത് നിർത്തലാക്കിയ പൂക്കോട്ടുംപാടം തേൾപ്പാറയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിച്ചു. ഇതോടെ മലയോര മേഖലയിൽ നിന്നും രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ളവർക്കും ദീർഘദൂര യാത്രക്കാർക്കും ഏറെ ആശ്വാസമായി. ദിവസേന രാവിലെ എട്ടിന് തേൾപ്പാറയിൽ നിന്ന് ആരംഭിച്ചു 11ഓടെ മെഡിക്കൽ കോളജ് വഴി കോഴിക്കോട് എത്തുന്ന രീതിയിലാണ് സർവിസ്.
2020ൽ കോവിഡ് വ്യാപന സമയത്ത് പൊതുഗതാഗത സംവിധാനം നിർത്തലാക്കിയ സമയത്താണ് ഈ സർവിസും നിർത്തിയത്. തുടർന്ന് എം.എൽ.എയെ കൂടാതെ കേരള കോൺഗ്രസ്-ബി ജില്ല ഭാരവാഹികൾ, വിവിധ സംഘടനകളും കൂട്ടായ്മകളും ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർവിസ് പുനരാരംഭിച്ചത്.
തേൾപ്പാറയിൽ ആര്യടൻ ഷൗക്കത് എം.എൽ.എ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. അനീഷ്, പഞ്ചായത്ത് അംഗങ്ങളായ വി.കെ.ബാല സുബ്രഹ്മണ്യൻ, എം.ടി. നാസർബാൻ, കെ.എസ്.ആർ.ടി.സി ജീവനക്കാരായ റിനിൽ രാജ്, അഷ്റഫ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.