അതിര്‍ത്തി തര്‍ക്കം; പൂക്കോട്ടൂര്‍ ന്യൂ ജി.എല്‍.പി സ്കൂളിലേക്കുളള വഴി അടച്ചു
text_fieldsവഴിയടഞ്ഞ പൂക്കോട്ടൂര്‍ ന്യൂ ഗവ. എല്‍.പി സ്കൂളിലേക്ക് വിദ്യാര്‍ഥികള്‍ മതില് ചാടിക്കടന്നെത്തുന്നു
പൂക്കോട്ടൂര്‍: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് 213 കുരുന്നുകള്‍ പഠിക്കുന്ന പൂക്കോട്ടൂര്‍ ന്യൂ ഗവ. എല്‍.പി സ്കൂളിലേക്കുള്ള വഴിഅടച്ച സംഭവത്തില്‍ പരിഹാര നടപടി വൈകുന്നു. മുണ്ടിത്തൊടികയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിനടുത്തുള്ള ബാബുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി മദ്റസയുടെ വഖഫ് ചെയ്ത ഭൂമികൂടി കൈയേറി സ്വകാര്യ വ്യക്തി വിദ്യാലയത്തിലേക്കുള്ള റോഡിന് സ്ഥലം വിറ്റെന്ന പരാതിയില്‍ ഇടപെടല്‍ വൈകുന്ന സാഹചര്യത്തില്‍ മദ്റസ കമ്മിറ്റി അതിര്‍ത്തി തിരിച്ച് റോഡില്‍ രണ്ടുവരി ഉയരത്തില്‍ കല്ല് കെട്ടി അടച്ചിരിക്കുകയാണ്.
ഇതോടെ മതില് ചാടിക്കടന്ന് വിദ്യാലയത്തിലെത്തേണ്ട ഗതികേടാണ് കുരുന്നുകള്‍ക്ക്. വാഹനങ്ങള്‍ക്കും വിദ്യാലയ പരിസരത്തേക്കെത്താന്‍ സാധിക്കുന്നില്ല. ഒരാഴ്ചയായി തുടരുന്ന പ്രശ്നത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തു നിന്നുള്ള ഇടപെടല്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. പഞ്ചായത്ത് തലത്തില്‍ നിരവധി തവണ ചര്‍ച്ചയായ വിഷയത്തില്‍ ശാശ്വത നടപടി വൈകുന്നതിനിടെ ജനുവരി 21നാണ് മദ്റസ കമ്മിറ്റി വഖഫ് ഭൂമി അളന്നു തിട്ടപ്പെടുത്തി മതിൽ കെട്ടിയത്. ഇതോടെ വിദ്യാലയത്തിലേക്ക് വാഹനങ്ങള്‍ വരാത്ത അവസ്ഥയായി. ചെറുവാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ റോഡരികില്‍ ഇറങ്ങി മതില് ചാടിക്കടന്നാണ് പ്രവേശിക്കുന്നത്.
സ്കൂള്‍ ഭക്ഷണ പദ്ധതിക്കുള്ള അരി, പാല്, മുട്ട എന്നിവ വാഹനങ്ങളിലെത്തിക്കാന്‍ കഴിയാത്തത് സ്കൂള്‍ അധികൃതരേയും പ്രയാസത്തിലാക്കുന്നു.
പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാലയാ അധികൃതര്‍ പഞ്ചായത്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍, കലക്ടര്‍, മഞ്ചേരി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും ഒരാഴ്ചയായിട്ടും കാര്യക്ഷമമായ ഇടപെടലുകളില്ല. 1961ല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പൂക്കോട്ടൂര്‍ ന്യൂ ജി.എല്‍.പി സ്കൂളിനായി നാട്ടുകാര്‍ ഇടപെട്ട് വാങ്ങിയ സ്ഥലത്ത് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിലാണ് 2019 മുതല്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം.
പുതിയ കെട്ടിടത്തിലേക്ക് റോഡൊരുക്കാന്‍ പ്രദേശവാസിയിൽനിന്ന് സ്ഥലം വിലക്ക് വാങ്ങുകയായിരുന്നു. മൂന്ന് മീറ്റര്‍ വീതിയില്‍ 18.5 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിച്ചത്. ഇതിനിടയില്‍ മദ്റസ കമ്മിറ്റിയും ഭൂമി നല്കിയ സ്വകാര്യ വ്യക്തിയും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്.
മദ്റസ കെട്ടിടത്തിന്റെ ഭിത്തിയോടു ചേര്‍ന്ന് മൂന്ന് മീറ്റര്‍ വീതിയിലാണ് വിദ്യാലയത്തിലേക്കുള്ള റോഡ്. ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മിച്ച റോഡിന്റെ അതിര്‍ത്തി സംബന്ധിച്ച് മദ്റസയുടെ പുതിയ ഭരണസമിതി നേരത്തെ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. ഭൂരേഖകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച പരാതിയില്‍ വഖഫ് ഭൂമി കൈയേറിയത് വ്യക്തമായി പരാമര്ശിച്ചതിനെതുടര്ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ഭൂമിയുടമയുടെ അഭിപ്രായത്തെ തുടര്‍ന്ന് അളക്കാന്‍ ധാരണയാകുകയും അതുവരെ മറ്റ് പ്രവൃത്തികള്‍ വിവാദ സ്ഥലത്ത് ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.