നാടിന്റെ മുത്തശ്ശി ഇനിയില്ല; കഥാവിശേഷങ്ങൾ ബാക്കി
text_fieldsമാളു അമ്മ (മാതി)
പോത്തുകല്ല്: എല്ലാവർക്കും ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് ദിവസവും നാടുമൊത്തം ചുറ്റിയിരുന്ന മാളുഅമ്മയുടെ (മാതി) വിയോഗം നാടിന്റെ നൊമ്പരമായി. പോത്തുകല്ല് പഞ്ചായത്തിലെ കോടാലിപൊയിൽ കോളനി അറനാടൻ മാതി അതിരാവിലെ തന്നെ കോടാലിപൊയിൽ, പോത്തുകല്ല്, ഞെട്ടിക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിരം സന്ദർശകയായിരുന്നു. നാട്ടുകാർക്ക് സുപരിചിതയായതിനാൽ തന്നെ ഏതുവീട്ടിലേക്കും എപ്പോൾ വേണമെങ്കിലും അനുവാദമില്ലാതെ കയറിവരാൻ പാകത്തിലുള്ള ബന്ധം പാകപ്പെടുത്തിയിരുന്നു. ചെല്ലുന്ന വീടുകളിൽനിന്ന് വിശേഷങ്ങൾ ചോദിച്ചറിയുന്ന കൂട്ടത്തിൽ ഭക്ഷണവും കഴിച്ചാണ് മടങ്ങുക.
നരബാധിക്കാത്ത ഒരു ചുരുണ്ട മുടിപോലുമില്ലാത്ത മാളു അമ്മയുടെ വായിൽ എപ്പോഴും മുറുക്കാൻ ഉണ്ടാകുമായിരുന്നു. ദിവസവും ഉള്ള നടത്തം മൂലം കാര്യമായ അസുഖങ്ങളൊന്നും നാടിന്റെ മുത്തശ്ശിയെ അലട്ടിയിരുന്നില്ല. കോടാലിപൊയിൽ എന്ന ഗ്രാമത്തിന്റെ ‘ഓർമകളുടെ ഭാണ്ഡക്കെട്ട്’ പുതുതലമുറക്ക് പറഞ്ഞുകൊടുക്കുന്നതിൽ എപ്പോഴും താൽപര്യം പ്രകടിപ്പിച്ചിരുന്നു.
വരട്ട്ചൊറി, തീപ്പൊള്ളൽ, മുറിവുപാടുകൾ മുതലായ രോഗങ്ങൾക്കുള്ള ഒറ്റമൂലി മരുന്നുകളുടെ നാട്ടുവൈദ്യവും നോക്കിയിരുന്നു. ആദിവാസി ഗോത്രവിഭാഗത്തിലെ അറനാടൻ ആണ് മാതിഅമ്മയുടേയും ഭർത്താവിന്റെയും ഗോത്രം. കരുളായി വനത്തിലെ കൽക്കുളത്തുനിന്നാണ് കോടാലിപൊയിലിലേക്ക് വർഷങ്ങൾക്ക് മുമ്പ് ഇവർ എത്തുന്നത്.
കോവിഡ് കാലം മുതൽ വീട്ടിൽനിന്ന് അധികം പുറത്തിറങ്ങാതെയായി. പിന്നീട് വാർധക്യ സഹജമായ രോഗങ്ങൾ കൂടി പിടിപെട്ടു. പലരും വീട്ടിൽ വിശേഷങ്ങൾ അറിയാൻ വരുന്നത് മാളു അമ്മക്ക് വലിയ കാര്യമായിരുന്നു. ഞെട്ടിക്കുളം അങ്ങാടിയിലെ സ്റ്റുഡിയോയുടെ പരസ്യപ്പലകയിൽ ഇടം പിടിച്ചതോടെ പുറംനാട്ടിൽനിന്ന് വരുന്നവർ പോലും മാളു അമ്മയെ കുറിച്ച് ചോദിച്ചറിയാൻ ഇടയാക്കി.