സൂര്യന് മുമ്പേ ഉണർന്ന്...
text_fieldsവയനാട്ടിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർ
പോത്തുകല്ല്: സൂര്യൻ മിഴി തുറക്കുന്നത് വരെ കാത്തുനിൽക്കാൻ അവർക്കായില്ല. ഉറ്റവരോ ഉടയവരോ അല്ലെങ്കിലും ചാലിയാറിൽ ഒഴുകിയെത്തുന്നവർക്കായി ഓളങ്ങളിലേക്ക് അവരിറങ്ങി. കടവുകളിൽ അവർ കാവലുറപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ അവസാനിപ്പിച്ച തിരച്ചിൽ ബുധനാഴ്ച പുലർച്ചെ തന്നെ ആരംഭിക്കുകയായിരുന്നു. മൃതദേഹങ്ങൾ കൂടുതൽ ലഭിച്ച ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയം പുഴ എന്നിവിടങ്ങളിൽ അധികൃതരുടെ നിർദേശാനുസരണമാണ് ചൊവ്വാഴ്ച തിരച്ചിൽ അവസാനിപ്പിച്ചത്. മനസ്സില്ലാ മനസ്സോടെ മടങ്ങിയതിനാൽ രക്ഷാപ്രവർത്തകർ ബുധനാഴ്ച അതിരാവിലെ വീണ്ടും തിരച്ചിൽ തുടങ്ങി.
രൗദ്രഭാവം ഒന്നടക്കിപ്പിടിച്ച ചാലിയാർ പുഴയുടെ മറുകരകളിൽ രക്ഷാപ്രവർത്തകർക്ക് അതിവേഗം എത്തിപ്പെടാൻ കഴിഞ്ഞു. ചൊവ്വാഴ്ച മൃതദേഹങ്ങൾ ഇക്കരെയെത്തിക്കാൻ മണിക്കൂറുകളെടുത്തിരുന്നു. എന്നാൽ, ബുധനാഴ്ച പലതവണ അഗ്നിശമനസേനയുടെ നേതൃത്വത്തിലുള്ള ഡിങ്കി ബോട്ട് ഉപയോഗിച്ച് പുഴ മറികടക്കാൻ കഴിഞ്ഞു. കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചാണ് കുമ്പളപ്പാറ അടക്കമുള്ള മേഖലയിൽ ബുധനാഴ്ച തിരച്ചിൽ നടത്തിയത്. ഏതു സമയവും പുഴ കുത്തിയൊലിച്ച് വരുമെന്ന് ആശങ്കയും നിലനിന്നിരുന്നു. അതിനെയെല്ലാം മറികടന്നായിരുന്നു ചെറിയ ഊടുവഴികളിലൂടെയും ചാലിയാറിന്റെ തീരത്തിലൂടെയും നടന്നത്. രാവിലെ തന്നെ മൃതദേഹങ്ങൾ കണ്ടെടുക്കാനും രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. പരിചിതമല്ലാത്ത സ്ഥലവും വന്യമൃഗങ്ങൾ ധാരാളമുള്ള പ്രദേശവും വലിയ വെല്ലുവിളിയായിരുന്നു. ആദിവാസികൾ പാർക്കുന്ന ചാലിയാറിന്റെ തീരത്തെ തിരച്ചിലിനായിരുന്നു അഗ്നിശമനസേന മേൽനോട്ടം വഹിച്ചത്. സന്നദ്ധ സംഘടനകൾ പോത്തുകല്ല് പഞ്ചായത്തിലെ ചാലിയാർ പുഴയുടെ തീരങ്ങളിലാണ് തിരച്ചിലിന് മുൻതൂക്കം നൽകിയത്. സ്ത്രീകൾ അടക്കമുള്ളവർ പനങ്കയം മുതൽ മുക്കം കമ്പി പാലം വരെ തിരച്ചിലിനുണ്ടായിരുന്നു.