താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധം
text_fieldsയൂത്ത് കോൺഗ്രസ് പ്രവർത്തകനായ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടതിനെതിരെ
അങ്ങാടിപ്പുറത്ത് സമരം നടത്തിയ കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
അങ്ങാടിപ്പുറം: പഞ്ചായത്ത് ഡേകെയർ ഡ്രൈവറും താൽക്കാലിക ജീവനക്കാരനുമായ യൂത്ത് കോൺഗ്രസ് ഭാരവാഹി എം. ഫൈസലിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ കോൺഗ്രസ് സമരം നടത്തി. ഓഫിസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അങ്ങാടിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
കഴിഞ്ഞ നവംബറിൽ നടന്ന കേരളോത്സവവുമായി ബന്ധപ്പെട്ട് രണ്ട് ക്ലബുകൾ തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. രണ്ട് ക്ലബുകൾക്കും ഫൈസലിനും പഞ്ചായത്ത് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫൈസൽ ഇതിന് മറുപടി നൽകുകയും ഡിസംബർ 11ന് സെക്രട്ടറി അത് ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു. തുടർന്നാണ് ചൊവ്വാഴ്ച പിരിച്ചുവിട്ട തീരുമാനം നടപ്പാക്കിയതെന്ന് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
ഉപരോധസമരം ജില്ല കോൺഗ്രസ് നിർവഹണസമിതി അംഗം കെ.എസ്. അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജബ്ബാർ അധ്യക്ഷത വഹിച്ചു. കേശവദാസ്, പി.ടി. മാത്യു, വിപിൻ പുഴക്കൽ, സുഹൈൽ ബാബു, ലിജോ പരിയാപുരം, മുജീബ്, സെയ്തലവി മാമ്പള്ളി, സി.പി. മനാഫ്, മുസ്തഫ പുത്തനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി
ഫൈസൽ പഞ്ചായത്തിന് മുമ്പിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തും. അതേസമയം, മുസ്ലിം ലീഗ് അംഗങ്ങൾ പ്രസിഡന്റും വൈസ് പ്ര സിഡന്റുമായി തുടരുന്ന പഞ്ചായത്തിൽ വിഷയം രമ്യമായി പരിഹരിക്കാൻ ബോർഡ് ശ്രമിച്ചില്ലെന്നും പരാതിയുണ്ട്. ഏതാനും ദിവസം ജോലിയിൽ നിന്ന് മാറ്റി നിർത്തി തിരികെ എടുക്കാനായിരുന്നു ആദ്യ ആലോചന.