കിളിക്കുന്നുകാവ് പാറക്കടവിൽ മുങ്ങിമരണം തുടർക്കഥ; അധികൃതർക്ക് നിസ്സംഗത
text_fieldsപുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് പാറക്കടവിൽ മുങ്ങിമരണം തുടർക്കഥയാകുമ്പോഴും അധികൃതർക്ക് നിസ്സംഗത. നിരവധി പേർ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നതിന് പുറമെ കിളിക്കുന്ന് കാവ് ക്ഷേത്രത്തില ആറാട്ട് കടവ് കൂടിയാണിത്. വാവ് ദിനങ്ങളിലും മറ്റ് ദിവസങ്ങളിലും പിതൃതർപ്പണത്തിനും മറ്റും ജില്ലക്കകത്തും പുറത്തുനിന്നുമായി ധാരാളംപേർ എത്താറുണ്ട്.
അഗാധമായ കയവും കുത്തനെയുള്ള വഴുക്കലോടുകൂടിയ പാറക്കെട്ടുകളും അപകട സാധ്യത വർധിപ്പിക്കുന്നു. കൊടുംവേനലിൽ പോലും വറ്റാത്ത കയവും ചുഴിയുമാണിവിടെയുള്ളത്. കഴിഞ്ഞ ദിവസം കയത്തിൽ മുങ്ങിയ രണ്ട് കുട്ടികളെ രക്ഷിക്കാനിറങ്ങിയ വിളയൂർ സ്വദേശി വെള്ളത്തിൽ മുങ്ങിമരിച്ചിരുന്നു. കൂടാതെ കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ കടവിൽ ഗൃഹപ്രവേശത്തിൽ പങ്കെടുക്കാൻ വന്ന മൂർക്കനാട് സ്വദേശിയും മുങ്ങിമരിച്ചു.
കഴിഞ്ഞ വർഷം കർക്കടക വാവുബലിക്കെത്തിയ മധ്യവയസ്കയെ അഗ്നിശമനസേനയാണ് കയത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇതിനു മുമ്പും ധാരാളം അപകടങ്ങൾ നടന്ന സ്ഥലത്ത് സുരക്ഷ വേലികൾ സ്ഥാപിക്കണമെന്നും നിലവിലുള്ള കടവ് വിപുലീകരിച്ച് അവിടെ ഇറങ്ങി കുളിക്കാനുള്ള സൗകര്യം ഒരുക്കണമെന്നുമുള്ള നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുന്നതിൽ പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.