പുലാമന്തോളിൽ പുലരുക ആരുടെ സ്വപ്നങ്ങൾ?
text_fieldsപുലാമന്തോൾ: 1961ലാണ് പുലാമന്തോൾ പഞ്ചായത്ത് രൂപവത്കരിച്ചത്. അതിനുശേഷം 54 വർഷവും ഭരണം കൈയാളിയത് എൽ.ഡി.എഫ് ആണ്. 10 വർഷം മാത്രമാണ് യു.ഡി.എഫിന്റെ കൈകളിൽ പഞ്ചായത്തുണ്ടായിരുന്നത്. ഭരണ നേട്ടങ്ങൾ നീട്ടിവെച്ച് പുലാമന്തോളിൽ തുടർഭരണം പുലരുമെന്ന പ്രതീക്ഷ കൈവിടാതെ ശക്തമായ പ്രചാരണത്തിലാണ് എൽ.ഡിഎ.ഫ്. രണ്ട് തവണ യു.ഡി.എഫിനെ നെഞ്ചേറ്റിയ വോട്ടർമാർ മൂന്നാമതൊരിക്കൽ കൂടി മാറ്റം മനസ്സിൽ സൂക്ഷിക്കുന്നുണ്ട് എന്ന പ്രതീക്ഷയോടെ യു.ഡി.എഫും പ്രചാരണത്തിലാണ്.
വിദ്യാഭ്യാസം. ആരോഗ്യം. വിനോദം തുടങ്ങിയ മേഖലകളിൽ വരുത്തിയ മാറ്റങ്ങൾ ഉയർത്തിപ്പിടിച്ചാണ് എൽ.ഡി.എഫിന്റെ വോട്ടുപിടിത്തം. അതേസമയം നിലവിലെ ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങളെക്കാൾ പത്തുവർഷം തങ്ങൾ ഭരിച്ചപ്പോഴുണ്ടായ നേട്ടങ്ങൾ തന്നെയാണ് യു.ഡി.എഫും ഉയർത്തി കാട്ടുന്നത്. പഞ്ചായത്തിലെ നിലവിലെ 20 സീറ്റ് ഇത്തവണ 23 ആയി. എൽ.ഡി.എഫിൽ മുഴുവൻ വാർഡുകളിലും സി.പി.എം സ്ഥാനാർഥികൾ മാത്രമാണ് മത്സരിക്കുന്നത്.
പത്തു വാർഡുകളിൽ പാർട്ടി ചിഹ്നത്തിലും 13 എണ്ണത്തിൽ സ്വതന്ത്രരായുമാണ് മത്സരം. യു.ഡി.എഫിൽ 15 സീറ്റുകളിൽ ലീഗും എട്ടെണ്ണത്തിൽ കോൺഗ്രസും മത്സരിക്കുന്നു. ലീഗിന്റെ സീറ്റുകളിലൊന്നിൽ സ്വതന്ത്രനായ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാണ്. പതിമൂന്നാം വാർഡിൽ തൃണമൂലിനും കോൺഗ്രസിനും വെവ്വേറെ സ്ഥാനാർഥികളുമുണ്ട്. സോഷ്യൽ മീഡിയകളെ ഇരുപക്ഷവും പ്രചാരണായുധമാക്കുന്നുണ്ടെങ്കിലും അത് പക്ഷേ മുന്നണി തലത്തിലല്ല. വ്യക്തിപര താൽപര്യത്തിൽ സ്ഥാനാർഥികൾ സ്വന്തം ചെയ്യുന്നതാണ്.


