വടക്കൻ പാലൂരിൽ പുലി; കാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്
text_fieldsവടക്കൻ പാലൂർ കിഴക്കേക്കരയിലെത്തിയ വനം വകുപ്പ് അധികൃതർ പുലാമന്തോൾ പഞ്ചായത്ത് അംഗങ്ങളുമായി സംസാരിക്കുന്നു
പുലാമന്തോൾ: പുലി സാന്നിധ്യമുണ്ടെന്ന് പറയുന്ന വടക്കൻ പാലൂർ കിഴക്കേക്കര ഭാഗങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്. പുലി ഭീതിയിലകപ്പെട്ട പ്രദേശവാസികളുടെ ആശങ്കയകറ്റണമെന്ന പഞ്ചായത്ത് അധികൃതരുടെ അഭ്യർഥന പ്രകാരമാണ് വനം അധികൃതർ സംഭവസ്ഥലം സന്ദർശിച്ചത്. നിലമ്പൂർ, കാളികാവ് റേഞ്ചിൽ നിന്നുള്ള നാലുപേരാണ് ഞായറാഴ്ച 12ന് വടക്കൻ പാലൂർ കിഴക്കേക്കരയിലെത്തിയത്.
പുലിയെ കണ്ടതായി പറയുന്നവരുമായി സംഘം സംസാരിച്ചു. എങ്കിലും കണ്ടത് പുലിയാണോ എന്ന് വ്യക്തത വരുത്തുന്നതിനുള്ള യാതൊരു തെളിവും കിട്ടിയില്ല. ഇതോടെ നിരീക്ഷണ കാമറ സ്ഥാപിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. ഏതാനും ദിവസങ്ങളിലായി ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം ഭീതിയിലാഴ്ത്തുന്ന വാർത്തകളാണ് പ്രചരിച്ചിരുന്നത്. വ്യാജ വാർത്തകൾക്കെതിരെ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് പി.സൗമ്യ, അംഗങ്ങളായ ടി. സാവിത്രി, ഷിഹാബുദ്ദീൻ എന്നിവരും വനം വകുപ്പ് അധികൃതരെ അനുഗമിച്ചു.