പുളിക്കലില്‍ തുടര്‍ച്ചക്കായി എല്‍.ഡി.എഫ്; തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ്
text_fieldsപുളിക്കല്‍: ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ എല്‍.ഡി.എഫും കൈവിട്ട കോട്ട തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും കച്ചമുറുക്കിയ പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണയാണ് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയത്.
നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ ശ്രമിക്കുന്ന എല്‍.ഡി.എഫിനും ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ നഷ്ടമായ ഗ്രാമപഞ്ചായത്ത് ഭരണം തിരികെപിടിക്കാന്‍ തീവ്ര ശ്രമം നടത്തുന്ന യു.ഡി.എഫിനും ഇത്തവണത്തെ ജനവിധി അഭിമാന പോരാട്ടമാണ്.
1963ല്‍ രൂപീകൃതമായ ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസും മുസ്‍ലിം ലീഗും ഭരണം കൈയാളിയ ചരിത്രമാണ് പുളിക്കലിലേത്. കോണ്‍ഗ്രസിലെ കെ.പി. വീരാന്‍കുട്ടി ഹാജിയായിരുന്നു പ്രഥമ പ്രസിഡന്റ്. 1969 മുതല്‍ കോണ്‍ഗ്രസിലെ പി.എം. ഖാദര്‍ ഹാജിയും 1979 മുതല്‍ 2000 വരെ മുസ് ലിം ലീഗിലെ പി. മോയുട്ടി മൗലവിയുമായിരുന്നു പ്രസിഡന്റ്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫ് അധികാരത്തിലെത്തി
. എന്നാല്‍, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാളയത്തെ ഞെട്ടിച്ച് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തി. 21 വാര്‍ഡുകളില്‍ 11 വാര്‍ഡുകളില്‍ ഇടതുമുന്നണി വിജയിച്ചപ്പോള്‍ യു.ഡി.എഫിന് 10 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
ഭരണനേട്ടങ്ങളും വികസനത്തുടര്‍ച്ചയും ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രചാരണ രംഗത്ത് സജീവമാകുന്നത്. നിരവധി ഭിന്നശേഷിക്കാരുള്ള ഗ്രാമപഞ്ചായത്തില്‍ ബഡ്‌സ് സ്‌കള്‍ ആരംഭിക്കാനായതും അതിന് സ്വന്തം കെട്ടിടം ഒരുക്കിയതും ഗ്രാമപഞ്ചായത്തിലെ 38 അംഗന്‍വാടികളില്‍ 37 കേന്ദ്രങ്ങള്‍ക്കും സ്വന്തം കെട്ടിടമൊരുക്കി സ്മാര്‍ട്ടാക്കിയതും ജൽജീവന്‍ പദ്ധതി ആദ്യഘട്ട സര്‍വേയില്‍ ഉള്‍പ്പെട്ട എണ്ണായിരത്തിലധികം കുടുംബങ്ങള്‍ക്ക് ദാഹജലം എത്തിക്കാനായതും പ്രധാന നേട്ടങ്ങളായി എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നു.
കൈയേറ്റമൊഴിപ്പിച്ച പൊതുസ്ഥലങ്ങള്‍ വീണ്ടെടുത്തതും അടിസ്ഥാന സൗകര്യ വികസനവും തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രചാരണ വിഷയമാണ്. എന്നാല്‍, മാലിന്യ നിർമാര്‍ജന രംഗത്ത് ശാസ്ത്രീയമായ ഒരു പദ്ധതിയും നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കായില്ലെന്ന് യു.ഡി.എഫ് തിരിച്ചടിക്കുന്നു. സ്വന്തമായൊരു കളിസ്ഥലമെന്ന യുവതയുടെ സ്വപ്‌നം കെടുകാര്യസ്ഥത മൂലം ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഇല്ലാതാക്കി. വയലുകള്‍ നികത്തുകയല്ലാതെ ജനകീയ വികസന പദ്ധതികളൊന്നും നടപ്പായില്ല.
സംസ്ഥാനം എല്‍.ഡി.എഫ് ഭരിക്കുന്ന സാഹചര്യത്തില്‍ പോലും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സെന്റ് ഭൂമി പോലും വാങ്ങാന്‍ ഭരണസമിതിക്കായില്ലെന്നും സർവത്ര അഴിമതിയാണ് എല്ലാ രംഗങ്ങളിലും അരങ്ങുവാണതെന്നുമാണ് യു.ഡി.എഫ് ആരോപിക്കുന്നത്. മുന്‍ ഭരണസമിതികളുടെ നേട്ടങ്ങളും യു.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നുണ്ട്. വാര്‍ഡ് വിഭജനത്തിന് ശേഷം ആകെ വാര്‍ഡുകളുടെ എണ്ണം 24 ആയി ഉയര്‍ന്ന പുളിക്കലില്‍ ഇടത്, വലത് മുന്നണികള്‍ തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
എല്‍.ഡി.എഫില്‍ 22 വാര്‍ഡുകളില്‍ സി.പി.എം സ്ഥാനാര്‍ഥികളും ഒരു സീറ്റില്‍ ആര്‍.ജെ.ഡിയും ഒരു സീറ്റില്‍ സി.പി.ഐയുമാണ് മത്സരിക്കുന്നത്. യു.ഡി.എഫില്‍ 15 സീറ്റുകളില്‍ മുസ്‍ലിം ലീഗും ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കുന്നു. ഏഴ് വാര്‍ഡുകളില്‍ എന്‍.ഡി.എയും മൂന്ന് വാര്‍ഡുകളില്‍ എസ്.ഡി.പി.ഐയും രണ്ട് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും ജനവിധി തേടുന്നുണ്ട്.


