വില വർധന ഇവിടെ പടിക്ക് പുറത്ത്; പപ്പായ ചലഞ്ചുമായി മംഗലം വള്ളത്തോൾ എ.യു.പി സ്കൂൾ
text_fieldsമംഗലം വള്ളത്തോൾ എ.യു.പി സ്കൂളിൽ പപ്പായയുമായി എത്തിയ വിദ്യാർഥികൾ
പുറത്തൂർ: പച്ചക്കറി വില കൂടിയ സാഹചര്യത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നിലനിർത്താൻ ആഴ്ചയിൽ രണ്ട് ദിവസം പപ്പായ വിഭവം ഒരുക്കി മംഗലം വള്ളത്തോൾ എ.യു.പി സ്കൂൾ. ഇതിനായി സ്കൂൾ പപ്പായ ചലഞ്ച് സംഘടിപ്പിക്കുന്നു.
വിദ്യാർഥികൾ വീട്ടിലെ കൃഷിയിടത്തിൽ നിന്നും ശേഖരിക്കുന്ന പപ്പായ അധ്യാപകർ നിർദേശിക്കുന്ന ദിവസം വിദ്യാലയത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്. 1188 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ 50 ശതമാനം വിദ്യാർഥികൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും ബാക്കിയുള്ളവർ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ് വിദ്യാലയത്തിൽ എത്തുന്നത്.
2016ൽ നിശ്ചയിച്ച കുട്ടികൾക്കുള്ള ഉച്ചഭക്ഷണ തുക തികയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് വിദ്യാലയം ഒരുക്കിയത്. പ്രധാനാധ്യാപകൻ ജോസ് സി. മാത്യു, സി.പി. റഷീദ, കെ. ബാബു, കെ.പി. നസീബ്, ലിനീഷ് ആയിലോട്ട്, കെ. സാദിഖലി എന്നിവർ നേതൃത്വം നൽകി.