മംഗലം ജി.എം.എൽ.പി സ്കൂളിലെ കുട്ടികൾക്ക് സ്കൂളിലെത്താൻ നാട് ചുറ്റണം
text_fieldsമംഗലം ജി.എം.എൽ.പി സ്കൂളിലേക്ക് മുച്ചക്ര വാഹനത്തിലെത്തുന്ന പ്രധാനാധ്യാപിക കെ. പ്രകാശിനി
പുറത്തൂർ: 117 വർഷത്തെ പാരമ്പര്യമുണ്ടെങ്കിലും മംഗലം ജി.എം.എൽ.പി സ്കൂളിലെ കുട്ടികൾക്ക് സ്കൂളിലെത്താൻ നാട് ചുറ്റേണ്ട അവസ്ഥയാണ്. സംസ്ഥാനത്തുതന്നെ ഒന്നു മുതൽ നാലുവരെ പൂർണമായും ശീതീകരിച്ച ചുരുക്കം ചില പൊതുവിദ്യാലയങ്ങളിലൊന്നാണ് മംഗലത്തുള്ളത്. ഇരുനില കെട്ടിടവും ചിത്രച്ചുമരുമൊക്കെയായി മികച്ച ക്ലാസ് മുറികളുമുണ്ട്. എന്നാൽ, കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിലെത്തണമെങ്കിൽ നാടുചുറ്റേണ്ട അവസ്ഥയാണ്. നോക്കിയാൽ കാണുന്ന ദൂരത്ത് റോഡുണ്ടെങ്കിലും സ്കൂളിലേക്ക് വഴി ഒരുക്കാൻ തടസ്സങ്ങൾ മറികടക്കേണ്ടതുണ്ട്. 1905ൽ മലബാർ എജുക്കേഷൻ ബോർഡിന് കീഴിൽ സ്ഥാപിച്ച വിദ്യാലയം ബോർഡ് സ്കൂൾ എന്നാണറിയപ്പെടുന്നത്.
സ്കൂളിന്റെ പേരിലാണ് ഈ പ്രദേശത്തേക്കുള്ള റോഡുതന്നെ സ്ഥാപിച്ചിട്ടുള്ളത്. കാലങ്ങളായി നാട്ടുകാരും പഞ്ചായത്ത് അധികൃതരും സ്കൂളിലേക്ക് വഴിക്കായി ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. കഴിഞ്ഞവർഷം സ്കൂൾ പ്രധാനാധ്യാപികയായി കെ. പ്രകാശിനി ചുമതലയേറ്റപ്പോഴാണ് വഴി ഉടൻ പരിഹാരം കാണേണ്ട വിഷയമാണെന്ന ഗൗരവമുണ്ടായത്. മുച്ചക്ര സ്കൂട്ടറിൽ ഏറെ പ്രയാസപ്പെട്ടാണ് പ്രധാനാധ്യാപിക സ്കൂളിലെത്തുന്നത്.
നിരവധി പറമ്പുകളിലൂടെ ചുറ്റിതിരിഞ്ഞ് വേണം ഇവിടെയെത്താൻ. മഴക്കാലത്ത് വഴിയിലെ ചളിയും കുഴിയും വലിയ വെല്ലുവിളിയാണ്. മാത്രമല്ല ഈ വർഷം ഒന്നാം ക്ലാസിലേക്ക് ഭിന്നശേഷിക്കാരനായ വിദ്യാർഥി കൂടി ചേർന്നിട്ടുണ്ട്. വഴിയില്ലാത്ത സ്കൂൾ എങ്ങനെ ഭിന്നശേഷി സൗഹൃദമാക്കുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ.
കൂട്ടായിയിൽ സ്ഥാപിതമായ സ്കൂൾ പിന്നീട് മംഗലം തൊട്ടിയിലങ്ങാടിയിലേക്ക് മാറ്റുകയായിരുന്നു. വാടക കരാറിൽ കടമുറിയിൽ അധ്യയനം നടത്തിയിരുന്ന സ്കൂൾ 2004ൽ ഇന്ന് കാണുന്ന സ്ഥലത്തെ സ്ഥിരം സംവിധാനത്തിലേക്ക് മാറ്റി. അന്നത്തെ മംഗലം പഞ്ചായത്ത് ഭരണസമിതി 10 സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങിച്ചതായിരുന്നു.
ആ സമയത്ത് ഈ പ്രദേശത്തേക്ക് നട വഴി മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നീട് ബോർഡ് സ്കൂൾ റോഡെന്ന പേരിൽ പഞ്ചായത്ത് പാത വന്നു. എന്നാൽ, സ്കൂളിലേക്ക് മാത്രം റോഡായില്ല. നൂറിനടുത്ത് കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പഞ്ചായത്ത് തന്നെയാണ് എയർ കണ്ടീഷനറുകൾ സ്ഥാപിച്ചത്. വഴി ലഭ്യമാക്കാൻ ഇപ്പോഴത്തെ ഭരണസമിതിയും മൂന്നുതവണ ഭൂവുടമകളോട് ചർച്ച ചെയ്തതായി മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി പറഞ്ഞു. എന്നാൽ, ഇതുവരെയും ചർച്ച ഫലം കണ്ടിട്ടില്ല.