അപകടക്കെണിയൊരുക്കി പുതുപൊന്നാനിയിലെ കൊലയാളി വളവ്
text_fieldsപുതുപൊന്നാനിയിൽ ശനിയാഴ്ച രാവിലെ ലോറിയുമായി കൂട്ടിയിടിച്ച് തകർന്ന കാർ
പുതുപൊന്നാനി: പുതുപൊന്നാനി സെന്ററിലെ വളവ് അപകടക്കെണിയൊരുക്കുന്നു. നേരത്തേ ഇവിടെയുണ്ടായിരുന്ന ഡിവൈഡറായിരുന്നു അപകടങ്ങൾക്ക് കാരണം. ഇത് പൊളിച്ചു കളഞ്ഞതോടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. പുതുപൊന്നാനി സെന്റർ കഴിഞ്ഞയുടൻ വീതി കുറഞ്ഞ റോഡായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് അരിക് നൽകാനാകാതെയാണ് അപകടങ്ങൾ സംഭവിക്കുന്നത്. ദീർഘദൂര യാത്രക്കാരാണ് പലപ്പോഴും അപകടത്തിൽ പെടുന്നത്. ശനിയാഴ്ച രാവിലെ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണവും ഈ വളവാണ്.
റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾ വർധിക്കാനിടയാക്കുന്നുണ്ട്. ഇവിടെയുണ്ടായ അപകടങ്ങളിൽ നിരവധി പേരാണ് മരിച്ചത്. മുനമ്പം റോഡ് സംഗമിക്കുന്ന സ്ഥലമായതിനാൽ റോഡിന്റെ ഘടന മനസ്സിലാവാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രദേശത്ത് സൂചന ബോർഡുകളോ സുരക്ഷ റിഫ്ലക്ടറുകളോ സിഗ്നലുകളോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.