പുഴക്കാട്ടിരി കടക്കാൻ ആഞ്ഞുതുഴഞ്ഞ് മുന്നണികൾ
text_fieldsപ്രതീകാത്മക ചിത്രം
പുഴക്കാട്ടിരി: പുഴക്കാട്ടിരിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരപ്പുഴ കടന്ന് കര പറ്റാൻ ആഴത്തിൽ തുഴയെറിയുകയാണ് ഇരു മുന്നണികളും. അതിന് കാരണമുണ്ട്. പലപ്പോഴും ഇരു മുന്നണികളേയും മാറിമാറി പിന്തുണച്ചിട്ടുള്ള മനസ്സാണ് പുഴക്കാട്ടിരിക്ക്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ അടുത്ത ഊഴം തങ്ങളുടെതെന്ന പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട് എൽ.ഡി.എഫ്. അതിനാൽ ആരോപണങ്ങളുടെ കെട്ടഴിച്ചു വോട്ടർമാർക്ക് മുന്നിൽ വെച്ച് വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി.
അഞ്ചാണ്ട് ഭരിച്ചിട്ടും തൊഴിൽ സംരംഭങ്ങൾ തുടങ്ങിയില്ല, ജില്ല-ബ്ലോക്ക് മെമ്പർമാർ പഞ്ചായത്തിലുണ്ടെങ്കിലും പ്രതിപക്ഷ വാർഡുകളിലേക്ക് അവർ ഫണ്ടനുവദിച്ചിട്ടില്ല, ഉദ്യോഗസ്ഥരും ഭരണ സമിതിയും രണ്ട് തട്ടായതിനാൽ സാധാരണക്കാർ പഞ്ചായത്തിലെത്തിയാൽ ഒന്നും നടക്കാത്ത അവസ്ഥയായിരുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായി ഉന്നയിക്കുന്നത്. എന്നാൽ കളിക്കളം, ബഡ്സ് സ്കൂൾ, 25 അംഗൻവാടികൾ സ്മാർട്ടാക്കി, സ്വയം തൊഴിലിനായി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്നും വനിതകൾക്ക് സ്വയം തൊഴിലിന് പഞ്ചായത്ത് സ്വന്തം നിലക്കും തുടങ്ങിയ പദ്ധതികൾ എന്നിങ്ങനെ പോകുന്നു യു.ഡി.എഫ് നിരത്തുന്ന ഭരണ നേട്ടങ്ങളുടെ പട്ടികകൾ.
ഇത് ചൂണ്ടിക്കാട്ടി ഭരണത്തുടർച്ച ഉറപ്പാക്കാമെന്ന പ്രതീക്ഷയിൽ യു.ഡി-എഫും കടുത്ത പ്രചാരണത്തിലാണ്. നേരത്തെ സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിൽ മുന്നിലെത്താനായത് മേൽക്കൈ നേടാനാകും എന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. നിലവിൽ 17 വാർഡുകളുള്ള പുഴക്കാട്ടിരിയിൽ 13 വാർഡുകളിലും വിജയിച്ച് ഭരിക്കുന്ന തങ്ങൾക്ക് ഇനിയും തുടർച്ച ഉണ്ടാകാൻ പ്രയാസമേതുമില്ലെന്ന ആത്മവിശ്വാസത്തിലാണവർ. 17 വാർഡുകളിൽ നിന്ന് ഇത്തവണ 19 ആയി ഉയർന്ന പുഴക്കാട്ടിരിയിൽ ഏഴ് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥികളും 12 സീറ്റിൽ എൽ.ഡി.എഫ് സ്വതന്ത്രരും മത്സരിക്കുന്നു. യു.ഡി.എഫിൽ 12 സീറ്റിൽ ലീഗും രണ്ടിടത്ത് ലീഗ് സ്വതന്ത്രരും മൂന്നിടത്ത് കോൺഗ്രസും രണ്ടിടത്ത് കോൺഗ്രസ് സ്വതന്ത്രരും മത്സരിക്കുന്നു.
കക്ഷി നില
ആകെ 17
- യു.ഡി.എഫ് 13
- ലീഗ് 10
- കോൺഗ്രസ് 03
- എൽ.ഡി.എഫ് 04
- സി.പി.എം 04


