ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
text_fieldsമങ്കട/രാമപുരം: തറവാട് വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ദേശീയപാതയോട് ചേർന്ന് രാമപുരം ബ്ലോക്ക് പടിയിലെ പരേതനായ അഞ്ചുക്കണ്ടി തലക്കൽ മുഹമ്മദിെൻറ ഭാര്യ മുട്ടത്തിൽ ആയിഷ എന്ന എടൂർ ആയിഷയെയാണ് (75) വീട്ടിലെ ശുചിമുറിയിൽ കഴിഞ്ഞദിവസം രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതിനാൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി മങ്കട പൊലീസ് അറിയിച്ചു. വീട്ടില് പകൽസമയത്ത് ചെലവിടുകയും രാത്രി അടുത്തുള്ള മകെൻറ വീട്ടിലേക്ക് പോവുകയുമാണ് പതിവ്. വെള്ളിയാഴ്ച രാത്രിയോടെ പേരക്കുട്ടികളെത്തി വിളിച്ചെങ്കിലും പ്രതികരണമില്ലാത്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സംശയമുണ്ട്. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടമായിട്ടില്ല. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
മങ്കട സി.ഐ യു.കെ. ഷാജഹാൻ ഇൻക്വസ്റ്റിന് നേതൃത്വം നൽകി. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു. മൃതദേഹം രാമപുരം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: മുട്ടത്തിൽ മമ്മു മുസ്ലിയാർ. മാതാവ്: എടൂർ ഫാത്തിമ (രാമപുരം). മക്കൾ: നബീസ, ആസ്യ, സാജിത, ഫിറോസ് (ജിദ്ദ), പരേതനായ അബ്ദുൽസലാം. മരുമക്കൾ: അലവിക്കുട്ടി, മുഹമ്മദ് ജമാൽ, അബ്ദുറസാഖ്, ഹസീന. സഹോദരൻ: ഡോ. അബൂബക്കർ മലബാരി (റിട്ട. പ്രഫ, അലീഗഢ് സർവകലാശാല, യു.പി).