അധ്യാപനത്തിൽ പുതുമ നിറച്ച് സെയ്ത് ഹാഷിം
text_fieldsമലപ്പുറം: വൈവിധ്യവും പുതുമയും നിറഞ്ഞ നിരവധി പ്രവർത്തനങ്ങളിലൂടെ യു.പി വിഭാഗം മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിന് അർഹനായി മലപ്പുറം എ.യു.പി സ്കൂളിലെ കെ.വി. സെയ്ത് ഹാഷിം. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പൊതുവിജ്ഞാനം വർധിപ്പിക്കാൻ നടത്തിവരുന്ന അറിവുത്സവം, സർഗാത്മക പരിപോഷണ പരിപാടിയായ അറിവരങ്ങ്, എല്ലാ കുട്ടികൾക്കും പങ്കാളിത്തം നൽകി നടത്തിയ സർഗസംഗമം ശിൽപശാലകൾ, കുട്ടികളുടെ ടെലിഫിലിം, ബാലവാണി റേഡിയോ സ്റ്റേഷൻ, 20 വർഷമായി വിദ്യാലയത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ മാസികയായ വളപ്പൊട്ടുകൾ, കുട്ടികളുടെ 1455 കൈയെഴുത്തുമാസികകൾ, രക്ഷിതാക്കളുടെ 1250 കൈയെഴുത്തു മാസികകൾ, ഓഡിയോ മാഗസിൻ, ഡിജിറ്റൽ മാഗസിൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഹാഷിമിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടക്കുന്നത്.
പ്രളയത്തിൽ ലൈബ്രറി പുസ്തകങ്ങൾ നഷ്ടപ്പെട്ട ജില്ലയിലെ 13 വിദ്യാലയങ്ങൾക്ക് വിദ്യാരംഗത്തിന്റെ സഹകരണത്തോടെ പുസ്തകങ്ങൾ ശേഖരിച്ച് നൽകിയിരുന്നു. കോവിഡ് കാലത്ത് 5000ലധികം അധ്യാപകർക്ക് ഓൺലൈൻ ക്ലാസിലൂടെ വിഡിയോ എഡിറ്റിങ്, പോസ്റ്റർ നിർമാണം, വർക്ക് ഷീറ്റ് നിർമാണം തുടങ്ങി 13 സങ്കേതങ്ങൾ സൗജന്യമായി പരിശീലനം നൽകിയിട്ടുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്തി ഡയറ്റ്, എസ്.എസ്.കെ എന്നിവരുടെ സഹായത്തോടെ 16 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
2008ൽ സംസ്ഥാന മികവുത്സവത്തിലും 2009ൽ ദേശീയ തലത്തിൽ അധ്യാപക മികവുത്സവത്തിലും പ്രബന്ധം അവതരിപ്പിച്ച് അംഗീകാരം നേടി. മികച്ച ഉപജില്ല കൺവീനർക്കുള്ള വിദ്യാരംഗം സംസ്ഥാന അവാർഡും മികച്ച ജില്ല കൺവീനർ അവാർഡും പഴമള്ളൂർ സ്വദേശിയായ സെയ്ത് ഹാഷിമിനെ നേരത്തേ തേടിയെത്തിട്ടുണ്ട്. 20 വർഷമായി അധ്യാപക പരിശീലകനാണ്. ജില്ല റിസോഴ്സ് ഗ്രൂപ് അംഗം, വിദ്യാരംഗം മാന്വൽ വിദഗ്ധ സമിതി അംഗം, വിദ്യാരംഗം ജില്ല കോഓഡിനേറ്റർ, അധ്യാപക സാഹിതി ജില്ല കൺവീനർ, സാഗർ ഗ്രന്ഥശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സുമയ്യയാണ് ഭാര്യ. ഫർഹാന. സെയ്ത് മുഹമ്മദ് അസ്ലം എന്നിവർ മക്കളാണ്.