പൊടിശല്യത്തിന് പരിഹാരം; മങ്കടയിൽ പൈപ്പ് മാറ്റൽ പ്രവൃത്തി തുടങ്ങി
text_fieldsമങ്കട മേലേ ജങ്ഷനിൽ റോഡ് കീറി പൈപ്പ് ശരിയാക്കുന്ന പ്രവൃത്തി തുടങ്ങിയപ്പോൾ
മങ്കട: മങ്കട മേലേ ജങ്ഷനിൽ റോഡ് തകർന്ന ഭാഗത്ത് ക്വാറിമാലിന്യം തള്ളിയതിനാൽ പൊടിശല്യം രൂക്ഷമായ പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി. റോഡിനടിയിലൂടെ പോകുന്ന കുടിവെള്ള പൈപ്പുകൾ ഇടക്കിടെ പൊട്ടുന്നത് കാരണമായി റോഡ് തകർന്ന് രണ്ടു വർഷത്തോളമായി മേലേ ജങ്ഷനിൽ മലപ്പുറം റോഡ് തിരിയുന്ന ഭാഗത്ത് റോഡ് തകർന്നു കിടക്കുകയാണ്.
ഇടക്ക് അറ്റകുറ്റപണികൾ നടത്തി റോഡ് ശരിയാക്കാറുണ്ടെങ്കിലും വാഹനങ്ങൾ പോകുമ്പോൾ റോഡ് അമർന്ന് വീണ്ടും പൈപ്പ് പൊട്ടുന്നതിനാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം ആയിരുന്നില്ല. ഈ വിഷയത്തിൽ പലതവണ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ പി.വി.സി പൈപ്പുകൾ മാറ്റി ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുകയും കോൺക്രീറ്റ് സ്ലാബുകൾ നിർമിച്ച് ബലപ്പെടുത്തി പൈപ്പിന് സുരക്ഷിതത്വം ഒരുക്കുകയും വേണമെന്ന് ആവശ്യം ഉണ്ടായിരുന്നു.
ഈ പ്രവൃത്തിയാണ് ഇപ്പോൾ തുടങ്ങിയത്. നിലവിലെ റോഡിലെ പൈപ്പ് ലൈൻ റോഡിന്റെ അരികിലെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ചും കോൺക്രീറ്റ് സ്ലാബുകൾ നിർമിച്ചും സുരക്ഷിതത്വം ഒരുക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
പണി പൂർത്തിയായതിന് ശേഷം മലപ്പുറം റോഡിന്റെ അറ്റകുറ്റപണികൾ നടക്കുന്നതോടൊപ്പം ഈ ഭാഗവും റീടാർ ചെയ്ത് ശരിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. അതോടെ നിരന്തരം ഉണ്ടായിരുന്ന റോഡ് തകർച്ചയും പൊടിശല്യവും ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ മങ്കട മേലേ ജങ്ഷനിൽ റോഡ് തകർച്ച കൂടിയായപ്പോൾ കൂടുതൽ യാത്രാക്ലേശം അനുഭവിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും രംഗത്തെത്തിയിരുന്നു.


