മകനേ, നീ എവിടെയാണ്; കണ്ണീരണിഞ്ഞ് വയോദമ്പതികൾ
text_fieldsകോട്ടക്കൽ: ഉപ്പയും ഉമ്മയും രോഗബാധിതർ. തുണയായുള്ളത് മാനസിക വെല്ലുവിളി നേരിടുന്ന ഏകമകൻ. എന്നാൽ, ഒരു മാസമായി 38കാരനായ ഷിഹാബുദ്ദീനെ കാണാനില്ല. വിവിധയിടങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും മകനെക്കുറിച്ച് ഒരു വിവരവുമില്ല.
മകനെ തിരിച്ചുകൊണ്ടുവരാൻ എല്ലാവരുടേയും സഹായം അഭ്യർഥിക്കുകയാണ് വയോദമ്പതികളായ എടരിക്കോട് അരീക്കൽ പൂമഠത്തിൽ സെയ്തലവിയും ഹസീനയും.
ഇവരുടെ മൂന്നു പെൺകുട്ടികളടക്കം നാലു മക്കളിൽ രണ്ടാമത്തെ മകനാണ് ഷിഹാബുദ്ദീൻ. കഴിഞ്ഞ ഏപ്രിൽ നാലിനാണ് മകൻ വീട്ടിൽനിന്നും പുറത്തുപോകുന്നത്. പിന്നീട് ചങ്കുവെട്ടി, വെന്നിയൂർ ഭാഗങ്ങളിൽ കണ്ടതായി പറഞ്ഞു കേട്ടെങ്കിലും മറ്റു വിവരമൊന്നും ലഭിച്ചില്ല. ദിവസവും എന്തെങ്കിലും ജോലിക്ക് പോകും, വീട്ടിൽ തിരിച്ചെത്തുന്നതാണ് പതിവ്. നേരത്തേയും ഇങ്ങനെ പോകാറുണ്ടെങ്കിലും കോഴിക്കോട് പോയി തിരിച്ചുവരും. രണ്ടു ദിവസത്തിൽ കൂടുതൽ എവിടെയും തങ്ങില്ല. കോഴിക്കോട് വെച്ച് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് സഹോദരിയും ഉമ്മയും പോയി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ജിദ്ദയിൽ ഒമ്പതു മാസം ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലേക്ക് എത്തിയ ശേഷം തിരിച്ചുപോയില്ല. അസുഖബാധിതരായതിനാൽ സെയ്തലവിക്കും ഹസീനക്കും അധികദൂരം യാത്ര ചെയ്യാൻ കഴിയില്ല. വിവാഹം കഴിച്ചയച്ചതിനാൽ പെൺമക്കൾ ഭർതൃവീട്ടിലാണ്. മരുമക്കൾ വഴിയും മറ്റും ബന്ധുക്കളും അന്വേഷിക്കുന്നുണ്ട്. കോട്ടക്കൽ പൊലീസിനും ജില്ല പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.


