താനൂർ ബോട്ട് ദുരന്തം ബോട്ടിന് സർവേ സർട്ടിഫിക്കറ്റിന് അർഹതയില്ലെന്ന് മൊഴി
text_fieldsതിരൂർ: താനൂർ ബോട്ട് ദുരന്തത്തിനിടയാക്കിയ അറ്റ്ലാൻറിക് ബോട്ട് നിർമിച്ചത് അനുമതി നൽകിയ പ്ലാനിന് വിരുദ്ധമായിട്ടാണെന്ന് കേസിലെ 58-ാമത്തെ സാക്ഷിയും ബോട്ടിന്റെ പ്ലാൻ അപ്രൂവ് ചെയ്ത നേവൽ ആർക്കിടെക്റ്റും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ അസോസിയേറ്റ് പ്രഫസറുമായിരുന്ന ഡോ. സി.ബി സുധീർ ജുഡീഷ്യൽ കമീഷന് മൊഴി നൽകി. വരച്ച് നൽകിയ പ്ലാനിൽ ബോട്ടിന് രണ്ടാമത്തെ തട്ടും കോണിയും ഗ്ലാസ് കൊണ്ട് നിർമിച്ച കാബിനുമുണ്ടായിരുന്നില്ല. പ്ലാനിന് വിരുദ്ധമായി ബോട്ട് നിർമിച്ചാൽ ചീഫ് സർവേയർ സർവെ സർട്ടിഫിക്കറ്റ് അനുവദിക്കാൻ പാടില്ലായിരുന്നെന്നും ഡോ. സുധീർ വ്യക്തമാക്കി.
യാത്രബോട്ടുകളുടെ നിർമാണഘടന സംബന്ധിച്ച് ഇൻലാൻഡ് വെസ്സൽസ് ആക്ടിലോ കേരള ഇൻലാൻഡ് വെസ്സൽ റൂളിലോ വ്യക്തമായ മാനദണ്ഡങ്ങ്ില്ലാത്ത കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഇത് ഗൗരവമാണെന്നും കമീഷൻ റിപ്പോർട്ടിൽ ഇത് സംബന്ധിച്ച പരാമർശങ്ങളുണ്ടാകുമെന്നും ജസ്റ്റിസ് മോഹനൻ വ്യക്തമാക്കി. അറ്റ്ലാൻറിക് ബോട്ടിന്റെ ഫയൽ കൈകാര്യം ചെയ്തിരുന്നത് ബേപ്പൂർ പോർട്ടിലെ കൺസർവേറ്റർ ആയിരുന്നെന്ന് പോർട്ട് ഓഫിസറുടെ പി.എയും കേസിലെ 65-ാം സാക്ഷിയുമായ വി. അനിത മൊഴി നൽകി. അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഡ്രൈവർ ദിനേശന് മാരിടൈം ബോർഡ് ഒരു ലൈസൻസും നൽകിയിട്ടില്ലെന്നും മാരിടൈം ബോർഡ് നടത്തിയ ക്ലാസ്സുകളിൽ ദിനേശൻ പങ്കെടുത്തിട്ടില്ലെന്നും 66-ാം സാക്ഷിയും മാരിടൈം ബോർഡ് ചീഫ് എക്സാമിനറുമായ അശ്വിനി പ്രതാപ് മൊഴി നൽകി.
പ്ലാൻ നോക്കിയല്ല ബോട്ടിന്റെ നിർമാണം നടത്തിയതെന്ന് വെൽഡിങ്ങ് ജോലി ചെയ്തിരുന്ന 36-ാം സാക്ഷി ശ്രീകൃഷ്ണപുരം സ്വദേശി സി.പി രാമകൃഷ്ണൻ പറഞ്ഞു. കമീഷൻ അഭിഭാഷകൻ ടി.പി രമേഷാണ് സാക്ഷികളെ വിസ്തരിച്ചത്. സർക്കാറിന് വേണ്ടി ഗവ. പ്ലീഡർ ടി.പി അബ്ദുൽ ജബ്ബാർ, സാക്ഷികൾക്ക് വേണ്ടി അഡ്വ. പി.പി റഹൂഫ്, പ്രതികൾക്ക് വേണ്ടി അഡ്വ. നസീർ ചാലിയം, അഡ്വ. ബാബു കാർത്തികേയൻ എന്നിവരും ഹാജരായി. സിറ്റിങ് വെള്ളിയാഴ്ചയും തുടരും.