‘ചിറാപുഞ്ചി’ മഴനനഞ്ഞ് ‘മൊട്ട’ മാഷും കുട്ട്യോളും
text_fieldsഷിബിലിയും വിദ്യാർഥികളും മഴ ആസ്വദിക്കുന്നു
മഞ്ചേരി: മഴനനഞ്ഞ് പാട്ടുപാടി നൃത്തച്ചുവടുകൾ വെച്ച് വിദ്യാർഥികൾ. റെയിൻ കോട്ടണിഞ്ഞ് അധ്യാപകനൊപ്പം വിദ്യാർഥികൾ മതിമറന്ന് മഴ ആസ്വദിച്ചു. തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിലെ അധ്യാപകൻ ഷിബിലി പുല്ലാരയും ഒന്നാം ക്ലാസ് വിദ്യാർഥികളുമാണ് മഴനനഞ്ഞ് താരങ്ങളായത്.
‘ചിറാപുഞ്ചി മഴയത്ത് നിലാവഞ്ചി തുഴഞ്ഞെത്ത്’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് നൃത്തം ചവിട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇൻസ്റ്റഗ്രാം വഴി കണ്ടത്. ഷിബിലിയുടെ തന്നെ ‘മൊട്ട മാഷ്’ അക്കൗണ്ടിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
ഒന്നാം ക്ലാസിലെ ‘റെയിൻ ഡാൻസ്’ എന്ന ഇംഗ്ലീഷ് പാഠഭാഗത്തിന്റെ ഭാഗമായാണ് കുട്ടികൾ മഴ നനയാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ മഴനൃത്തം ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഈ വർഷം ആദ്യം തന്നെ കാലവർഷം ആരംഭിച്ചതോടെ മഴനൃത്തം തീരുമാനിച്ചത്. ഈ വർഷം സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 367 കുട്ടികളാണ് അധ്യാപകർക്കൊപ്പം എത്തിയത്. കുട്ടികളോട് റെയിൻ കോട്ട് കൊണ്ടുവരാൻ പറഞ്ഞിരുന്നു. മഴ പെയ്തതോടെ കോട്ടണിഞ്ഞ് കുട്ടികൾ നൃത്തം ചവിട്ടി. കൂടെ മറ്റു അധ്യാപകരും ചേർന്നതോടെ സംഗതി കളറായി.
പ്രധാനാധ്യാപകന്റെയും സ്കൂളിന്റെയും ഭാഗത്തുനിന്നും നല്ല പിന്തുണ ലഭിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കുന്നതെന്ന് ഷിബിലി പറഞ്ഞു.
സ്കൂളിൽ ഇതേ പേരിൽ മറ്റൊരു അധ്യാപകൻ കൂടിയുണ്ട്. ഇതോടെ അധ്യാപകർക്കും കുട്ടികൾക്കും തന്നെ പെട്ടെന്ന് മനസ്സിലാക്കാനാണ് ‘മൊട്ട മാഷ്’ എന്ന പേര് സ്വീകരിച്ചതെന്നും ഷിബിലി കൂട്ടിച്ചേർത്തു. നേരത്തെ കുട്ടികൾക്കായി തയാറാക്കിയ ‘കളിപ്പങ്ക’യുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.