ബന്ധു മരിച്ച കേസിൽ പ്രതിയാക്കാൻ ശ്രമമെന്ന്; പൊലീസ് മർദനമേറ്റ താനാളൂർ സ്വദേശി ചികിത്സയിൽ
text_fieldsകോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന
മിർഷാദ്
കോട്ടക്കൽ: ബന്ധുവിെൻറ മരണം കൊലപാതകമാക്കി മാറ്റാനും കുറ്റം സമ്മതിക്കാനും പൊലീസിന്റെ മർദനത്തിന് വിധേയനായ യുവാവ് ആശുപത്രിയിൽ. താനാളൂർ പള്ളിപ്പടി പുളിക്യത്ത് അബ്ദുൽ ബാരിയുടെ മകൻ മിർഷാദാണ് (30) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ആറുമാസം മുമ്പ് മിർഷാദിെൻറ പിതൃസഹോദരി കുഞ്ഞിപ്പാത്തുമ്മ (85) മരിച്ചിരുന്നു. ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. തോളെല്ലിനും വാരിയെല്ലിനും പൊട്ടല്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്. തുടര്‍ന്നാണ് മിര്ഷാദിനെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. സി.ഐയുടെ നേതൃത്വത്തില്‍ തന്നെ ക്രൂരമായി മര്‍ദിച്ചതായി മിര്‍ഷാദ് പറഞ്ഞു. കാൽവെള്ളയിലും അരക്ക് താഴെയും ലാത്തി കൊണ്ടടിച്ചു.
കൈകൾ മുകളിലേക്ക് കെട്ടിയിട്ടായിരുന്നു പീഡനം. താടിയിലെയും നെഞ്ചിലെയും രോമങ്ങൾ പറിച്ചെടുത്തതായും ഇയാൾ പറഞ്ഞു. ചെയ്യാത്ത കുറ്റം കെട്ടിവെക്കാനുള്ള ശ്രമമാണ് നടന്നത്. വിഫലമായപ്പോഴാണ് സ്േറ്റഷന് ജാമ്യത്തില്‍ വിട്ടയച്ചതെന്നും മിര്‍ഷാദ് പറയുന്നു.
വലതുകാൽ നീരുവന്നതിനെ തുടർന്ന് ബാൻഡേജ് ഇട്ടിരിക്കുകയാണ്. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സഹോദരീഭര്‍ത്താവ് സുഹൈർ ആവശ്യപ്പെട്ടു.
ജില്ല പൊലീസ് മേധാവി, ഡി.ജി.പി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് പരാതി നൽകും. മിർഷാദിെൻറ മൊഴിയെടുക്കാൻ പൊലീസ് എത്തിയിട്ടില്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തി. എന്നാൽ, പ്രാഥമിക തെളിവുകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഇയാളെയും കുടുംബാംഗങ്ങളെയുമുൾപ്പെടെ പലരെയും ചോദ്യം ചെയ്തിരുന്നതായും അകാരണമായി ആരെയും മർദിച്ചിട്ടില്ലെന്നും താനൂർ എസ്.എച്ച്.ഒ ജീവൻ ജോർജ് പറഞ്ഞു. കുഞ്ഞിപ്പാത്തുമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനനുസരിച്ച് തുടർനടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.