ഒഴൂരിലും താനാളൂരിലും മാറ്റമില്ലാതെ പന്നിശല്യം
text_fieldsഒഴൂരിൽ വെടിവെച്ചു കൊന്ന കാട്ടുപന്നിയുമായി ഷൂട്ടർ മിഗ്ദാദ് നാട്ടുകാരോടൊപ്പം
താനാളൂർ: ഒഴൂർ, താനാളൂർ പഞ്ചായത്തുകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായി കാട്ടുപന്നി ശല്യം മാറ്റമില്ലാതെ തുടരുന്നു. പ്രശ്നപരിഹാരം കാണുന്നതിന്റെ ഭാഗമായി താനാളൂർ പഞ്ചായത്ത് ഭരണസമിതി കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ പ്രത്യേക അനുമതി വാങ്ങി ഷൂട്ടറെ ചുമതലപ്പെടുത്തിയിരുന്നു. പന്നിശല്യം രൂക്ഷമായതിനെ തുടർന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിയമാനുസൃത നടപടികൾക്ക് തുടക്കമിട്ടത്. ലൈസൻസുള്ള ഷൂട്ടറായ ഡോ. മിഗ്ദാദ് മുള്ളത്തിയിലിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്.
വ്യാഴാഴ്ച വെടിവെച്ചു കൊന്ന ഭീമൻ പന്നിയുടെ ഭാരം 90 കിലോയോളം വരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ മജീദ്, അബ്ദുൽ റസാഖ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വലിയ അളവിലുള്ള കാട്ടുപന്നികളുടെ ശല്യം മാറ്റമില്ലാതെ തുടരുകയാണെന്നും വെടിവെച്ചു കൊല്ലുന്നതോടൊപ്പം മറ്റ് പരിഹാര മാർഗങ്ങളും അധികൃതർ സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്.