താനൂരിൽ ചുഴലിക്കാറ്റ്: 30ഓളം വീടുകൾക്ക് നാശം
text_fieldsമാവ് മുറിഞ്ഞ് വീണ് മച്ചിങ്ങൽ റഷീദിന്റെ കാർ തകർന്ന നിലയിൽ
താനൂർ: തിങ്കളാഴ്ച പുലർച്ചെ താനൂരിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപകനാശം. പുലർച്ചെ മൂന്നിനുശേഷം അഞ്ചുമിനിറ്റോളം സമയം നീണ്ടുനിന്ന ചുഴലിക്കാറ്റാണ് നാശംവിതച്ചത്. നിരവധി വൻമരങ്ങൾ കടപുഴകി വീണു. ചില വീടുകൾ ഭാഗികമായി തകർന്നു. പള്ളിപറമ്പ് കോളനിയിൽ മുർസിങ്ങാനകത്ത് സക്കീന, മമ്മിക്കാനകത്ത് കു+ഞ്ഞുട്ടി, കോയാലിന്റെ പുരക്കൽ യൂസഫ് എന്നിവരുടേതടക്കം 30ഓളം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.
ചുഴലിക്കാറ്റിൽ തെങ്ങ് വീണ് തകർന്ന തൊട്ടിയിൽ പ്രേമന്റെ വീട്
കാട്ടിലങ്ങാടിയിൽ വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് വീടിന്റെ ഓട് തകർന്നുവീണ് ഒരാൾക്ക് പരിക്കേറ്റു. വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മീതെയും മരങ്ങൾ കടപുഴകി വീണു. പ്രദേശത്ത് നിരവധി വൈദ്യുതി തൂണുകൾ തകർന്നതോടെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. കടപുഴകി വീണ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം തടസ്സപ്പെട്ട ഭാഗങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബി തൊഴിലാളികൾ രാത്രി വൈകിയും തകർന്ന വൈദ്യുതി ബന്ധം പുനഃപിക്കാനുള്ള ശ്രമത്തിലാണ്. 2, 20, 21, 31, 33, 34 വാർഡുകളിലാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. നഗരസഭ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരൂർ തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യു വിഭാഗം പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടം കണക്കാക്കി.
താനൂരിലുണ്ടായ ചുഴലിക്കാറ്റിൽ കടപുഴകി വീണ തെങ്ങ്
കൗൺസിലർമാർ, നഗരസഭ ആരോഗ്യവിഭാഗം തൊഴിലാളികൾ, കെ.എസ്.ഇ.ബി തൊഴിലാളികൾ, വൈറ്റ്ഗാർഡ്, ടി.ഡി.ആർ.എഫ് പ്രവർത്തകർ, നാട്ടുകാർ, കാട്ടിലങ്ങാടിയിലെ ക്ലബ് പ്രവർത്തകർ എന്നിവർ മരങ്ങൾ വെട്ടിമാറ്റാനും മറ്റു പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. നഗരസഭ ചെയർമാൻ റഷീദ് മോര്യ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സി.കെ.എം. ബഷീർ, കെ.പി. അലി അക്ബർ, രാധിക ശശികുമാർ, കൗൺസിലർമാരായ എ. കെ. സുബൈർ, ഉമ്മുകുൽസു, ഇ. കുമാരി, കൃഷ്ണൻ, തഹസിൽദാർ ആഷിഖ്, വില്ലേജ് ഓഫിസർ രവീന്ദ്രൻ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർമാരായ സലീം, സുനിൽകുമാർ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഷറഫ്, പൊതുപ്രവർത്തകരായ റഹീം, ഹംസ, യൂസഫ്, ബാബു, ശശികുമാർ, എം.എം. ബഷീർ, ഫാറൂഖ്, ബഷീർ എന്നിവർ പ്രദേശങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുനിസിപ്പാലിറ്റിയിലെ ദുരന്ത നിവാരണ വിഭാഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.