ഓലപ്പീടികയിൽ മദ്യപരുടെ അഴിഞ്ഞാട്ടം
text_fieldsഓലപ്പീടികയിൽ സ്ഥാപിച്ച നഗരസഭയുടെ വേസ്റ്റ് ബിന്നുകൾ മദ്യപസംഘം തകർത്ത നിലയിൽ
താനൂർ: ശുചിത്വ കാമ്പയിനിന്റെ ഭാഗമായി നഗരസഭ സ്ഥാപിച്ച വേസ്റ്റ് ബിന്നുകൾ തകർത്ത് മദ്യപാനികളുടെ വിളയാട്ടം. താനൂർ ഓലപ്പീടികയിലാണ് തിങ്കളാഴ്ച രാത്രി സാമൂഹികവിരുദ്ധർ വേസ്റ്റ് ബിന്നുകൾ തകർത്തും മദ്യക്കുപ്പികൾ റോഡിലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സംഭവത്തിൽ താനൂർ ഇൻസ്പെക്ടർ ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തിൽ രണ്ടുപേരെ തിങ്കളാഴ്ച രാത്രി തന്നെ സംഭവസ്ഥലത്തിനടുത്തുള്ള സ്കൂൾ പടിയിൽനിന്ന് പിടികൂടി. മറ്റ് രണ്ടുപേരെ ചൊവ്വാഴ്ച രാവിലെയും പിടികൂടി.
ഓലപ്പീടിക വാടിക്കൽ ഷെമീർ (42), കോർമൻ കടപ്പുറം വാടിക്കൽ അൻഷാദ് (32), ചിറക്കൽ തോണ്ടാംവളപ്പിൽ അനിൽകുമാർ (34), ഓലപ്പീടിക മണ്ടോന്തുപറമ്പിൽ ജിനീഷ്കുമാർ (44) എന്നിവരാണ് പിടിയിലായത്. താനൂർ നഗരസഭയുടെ പരാതിയിൽ ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.