തുറസ്സായ സ്ഥലത്ത് കുന്നുകൂടി മാലിന്യം; രോഗഭീഷണി ഉയർത്തി എം.സി.എഫ് കേന്ദ്രങ്ങൾ
text_fieldsതാനാളൂർ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം താൽക്കാലിക സി.എം.എഫ് കേന്ദ്രത്തിൽ കൂട്ടിയിട്ട നിലയിൽ
താനൂർ: താനാളൂർ പഞ്ചായത്തിൽ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇരുപതാം വാർഡിൽ താൽക്കാലിക എം.സി.എഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തുറസ്സായ നിലയിൽ സൂക്ഷിക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. മാലിന്യം ഇത്തരത്തിൽ കൂട്ടിയിടുന്നത് പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കോൺഗ്രസ് കെ.പുരം മണ്ഡലം കമ്മിറ്റി താനൂരിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വീട്ടുകാർ കഴുകി ഉണക്കി യൂസർ ഫീ നൽകി കൊടുത്തയക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കാനുള്ള എം.സി.എഫ് നിർമിക്കാൻ ഇത്രകാലമായിട്ടും താനാളൂർ പഞ്ചായത്തിന് സാധിക്കാത്തത് ഭരണസമിതിയുടെ പരാജയമാണ്. പത്തൊമ്പതാം വാർഡിലെ താൽക്കാലിക കേന്ദ്രത്തിലും പ്ലാസ്റ്റിക് മാലിന്യം അശാസ്ത്രീയമായി കൂട്ടിയിട്ട നിലയിലാണ്.
മറ്റു വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യവും ഇവിടെ തള്ളുന്നതോടെ കൊതുക്, എലി, ഇഴജന്തുക്കൾ എന്നിവയുടെ ആവാസകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. നായ്ക്കളും വിഷപ്പാമ്പുകളും പരിസരത്ത് വർധിച്ചതായും പരാതിയുണ്ട്.
ചുറ്റുമതിലോ സുരക്ഷ മുൻകരുതലോ ഇല്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കിൽ ഭരണസമിതിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ഫാറൂഖ് പകര, മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ പി. ജ്യോതി, ഷാജഹാൻ മുല്ലപള്ളി, സി.കെ. മനോജ്, സുരേഷ് ബാബു തറാൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.