രാജ്യരക്ഷക്ക് തയാറുണ്ടോ? യുവാക്കളെ പ്രതിരോധ സേനകളിലേക്കടക്കം നിയമനം ലഭിക്കാൻ പ്രാപ്തരാക്കാൻ പരിശീലനം നൽകി ജനമൈത്രി പൊലീസിൻറെ ഇൻസൈറ്റ്
text_fieldsഇൻസൈറ്റ് പദ്ധതിയിലൂടെ വിവിധ സേനാവിഭാഗങ്ങളിൽ ജോലി നേടിയവരും എസ്.പി.സി അംഗങ്ങളും ഡിവൈ.എസ്.പിമാരായ വി.വി. ബെന്നി, പി. പ്രമോദ്, പരിശീലകൻ ഇ.പി. ഹനീഫ
എന്നിവരോടൊപ്പം
താനൂർ: പ്രതിരോധ സേനകളിലേക്കടക്കം നിയമനം ലഭിക്കാൻ താനൂരിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ജനമൈത്രി പൊലീസ് ആരംഭിച്ച ഇൻസൈറ്റ് പരിശീലന പദ്ധതി ശ്രദ്ധ നേടുന്നു. 2023ൽ താനൂർ ഡിവൈ.എസ്.പിയായിരുന്ന വി.വി. ബെന്നിയാണ് താനൂർ ഫിഷറീസ് സ്കൂൾ ഗ്രൗണ്ട് കേന്ദ്രീകരിച്ച് ഇൻസൈറ്റ് പരിശീലന പദ്ധതിയാരംഭിച്ചത്. താനൂർ ഡിവൈ.എസ്.പി പി. പ്രമോദിനാണ് പദ്ധതി ചുമതല. ശാരീരികക്ഷമത നേടാനുള്ള കായിക പരിശീലനവും മത്സര പരീക്ഷകൾക്കുള്ള പ്രത്യേക ക്ലാസുകളും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയിലൂടെ നിരവധി യുവാക്കളാണ് വിവിധ സേനവിഭാഗങ്ങളിൽ ജോലി നേടിയത്. ബഹുഭൂരിഭാഗവും തീരദേശത്തുനിന്നുമുള്ള യുവാക്കളാണ്.
രാവിലെ ആറിനാരംഭിക്കുന്ന കായിക പരിശീലനത്തിന് ശേഷം ഏഴുമുതൽ 8.30 വരെയാണ് വിവിധ മത്സരപരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം. ചേരൂലാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കായികാധ്യാപകനായി വിരമിച്ച ഇ.പി. ഹനീഫയുടെയും അഫ്സലിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. താനൂർ നഗരസഭ കൂടാതെ, പരപ്പനങ്ങാടി നഗരസഭ, താനാളൂർ, നിറമരുതൂർ, വെട്ടം പഞ്ചായത്തുകളിൽനിന്നും പരിശീലനത്തിനായി യുവാക്കൾ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം അഞ്ചു പേർക്കാണ് ഈ പദ്ധതിയിലൂടെ സൈന്യത്തിൽ പ്രവേശനം നേടാനായത്. ഈ വർഷം ഇതുവരെ ഏഴുപേർക്ക് ജോലി ലഭിച്ചു.
കോർമൻ കടപ്പുറം സ്വദേശികളായ ബി.പി. മുഹമ്മദ് അഷ്ഫർ, കെ.പി. മുഹമ്മദ് ഫരീദ്, വെട്ടം സ്വദേശി കെ. മബിൻ, ചീരാൻ കടപ്പുറം സ്വദേശി കെ.കെ. ഷാനു, ചാഞ്ചേരിപ്പറമ്പിലെ പി.പി. നിതിൻഷാ, ചിറക്കൽ സ്വദേശി ടി. വരുൺ, മോര്യയിലെ എം.കെ. അരുൺ എന്നിവരാണ് ഈ വർഷം അഗ്നി വീറുകളായി ഇന്ത്യൻ ആർമിയിലെത്തിയത്.
ഇന്ത്യൻ ആർമിയിലേക്ക് പ്രവേശനം ലഭിച്ച യുവാക്കൾക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണവും സംഘടിപ്പിച്ചു. സ്വീകരണയോഗം മുൻ താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. താനൂർ ഡിവൈ.എസ്.പി പി. പ്രമോദ് നിയമനം നേടിയവരെ മെഡൽ അണിയിച്ച് ആദരിച്ചു. നഗരസഭ കൗൺസിലർമാരായ നിസാമുദ്ദീൻ, വി.പി. ബഷീർ, ആബിദ് വടക്കയിൽ, പരിശീലകരായ ഇ.പി. ഹനീഫ, അഫ്സൽ, എ.എസ്.ഐ സലേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷൈജേഷ്, ശാക്കിർ തുടങ്ങിയവർ സംസാരിച്ചു. ഇൻസൈറ്റ് പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കെതിരെ പൊലീസ് ആരംഭിച്ച ബോധവത്കരണ പരിപാടിയിൽ ഇൻസൈറ്റിനേയും ഭാഗമാക്കാനുള്ള ആലോചനയുണ്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.