ദേശീയ പാരാ അത്ലറ്റിക്സ്; വെള്ളി, വെങ്കല മെഡലുകളുമായി മുഹമ്മദ് ഷമ്മാസ്
text_fieldsമുഹമ്മദ് ഷമ്മാസ്
താനൂർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന ദേശീയ പാരാ അത്ലറ്റിക്സ് മീറ്റിൽ പരിമിതികളെ മറികടന്ന് താനൂരിലെ മുഹമ്മദ് ഷമ്മാസ് നേടിയ വെള്ളി, വെങ്കല മെഡലുകൾക്ക് തിളക്കമേറെ. കാഴ്ചപരിമിതിയുള്ള ഷമ്മാസ് താനൂർ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന പതിനാലാമത് സംസ്ഥാന പാരാ അത്ലറ്റിക് മത്സരത്തിൽ മൂന്നിനങ്ങളിൽ പൊന്നണിഞ്ഞ് തകർപ്പൻ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെയാണ് കേരള ടീമിനായി ദേശീയ മീറ്റിലെ ഷമ്മാസിന്റെ മികച്ച പ്രകടനം. ജൂനിയർ വിഭാഗം 200 മീറ്ററിൽ വെള്ളിയും 100 മീറ്ററിൽ വെങ്കലവും നേടിയാണ് ഷമ്മാസ് നാടിന്റെ അഭിമാനമായി മാറിയത്.
താനൂർ നഗരസഭയിലെ പതിമൂന്നാം ഡിവിഷനിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ താണിച്ചോട്ടിൽ സാദിഖലിയുടെയും ആയിശ മോളുടെയും മകനായ ഷമ്മാസിനെ നേട്ടത്തിലേക്ക് വഴി നടത്തിയത് കാലിക്കറ്റ് യൂനിവേഴ്സിറ്റി പരിശീലകരായ ജയ്കുമാർ, നിമൽ എന്നിവരും കാട്ടിലങ്ങാടി ജി.എച്ച്എസ്.എസിലെ കായികാധ്യാപകനായ സുധീഷും ചേർന്നാണ്.
പങ്കെടുക്കാൻ സാമ്പത്തിക പ്രയാസം തടസ്സമാകുമെന്ന ഘട്ടത്തിൽ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയും ഡിവിഷനിലെ നഗരസഭ കൗൺസിലറായ പി.ടി. അക്ബറും മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകളും ഷമ്മാസിന് പിന്തുണയുമായി എത്തിയതോടെയാണ് ഗ്വാളിയോറിലേക്കുള്ള യാത്ര സാധ്യമായത്. പൊതുവിഭാഗത്തിലും ഉപജില്ല, ജില്ലതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഷമ്മാസ് നല്ലൊരു ഫുട്ബാൾ താരം കൂടിയാണ്. മികച്ച പരിശീലനം ഉറപ്പു വരുത്താനായാൽ പരിമിതികളെ മറികടന്ന് കൂടുതൽ മികച്ച നേട്ടങ്ങൾ കൈയെത്തിപ്പിടിക്കാൻ ഷമ്മാസിനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.


