പൂരപ്പുഴ നടുവത്തിതോട് വി.സി.ബി കം ബ്രിഡ്ജ് വരുന്നു
text_fieldsചൊവ്വാഴ്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രവൃത്തി ഉദ്ഘാടനം നടത്തുന്ന പൂരപ്പുഴ നടുവത്തിതോട്
വി.സി.ബി കം ബ്രിഡ്ജിന്റെ
രൂപരേഖ
താനൂർ: ദീർഘനാളായുള്ള കർഷകരുടെയും പൂരപ്പുഴ അംബേദ്കർ ഗ്രാമത്തിലെയും രണ്ടാം വാർഡിലെ ജനങ്ങളുടെയും കാത്തിരിപ്പിനറുതിയായി പൂരപ്പുഴ നടുവത്തിതോട് വി.സി.ബി കം ബ്രിഡ്ജ് യാഥാർഥ്യത്തിലേക്ക്.
താനൂർ നഗരസഭയിലെ പൂരപ്പുഴക്ക് സമീപമുള്ള നടുവത്തിതോടിന് കുറുകെയാണ് ഉപ്പുവെള്ള നിർമാർജന വി.സി.ബി കം ബ്രിഡ്ജ് നിർമിക്കുന്നത്. പൂരപ്പുഴയിൽനിന്ന് നടുവത്തിതോടിലേക്ക് ഉപ്പുവെള്ളം കയറുന്നത് കാരണം സമീപത്തെ പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതിന് ഏറെ പ്രയാസം നേരിട്ടിരുന്നു. വിസിബി വരുന്നതോടെ കാർഷിക പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകും. ചൊവ്വാഴ്ച വൈകീട്ട് നാലിന് പൂരപ്പുഴയിലാണ് ചടങ്ങ്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നടുവത്തി തോടിന്റെ ഇരുവശങ്ങളിലും പാർശ്വഭിത്തി കെട്ടുന്നതോടൊപ്പം സൗന്ദര്യവത്കരണ പദ്ധതിയും നടപ്പാക്കും. ഇതോടെ പ്രദേശത്തിന് വലിയ ടൂറിസം സാധ്യതകൾ കൂടി കൈവരുമെന്ന് പ്രവൃത്തി ഉദ്ഘാടന ചടങ്ങിന്റെ സംഘാടകരായ ഡിവിഷൻ കൗൺസിലർ പി. കൃഷ്ണൻ, പി. അജയ്കുമാർ, പി. പ്രസാദ്, പി. പ്രജോഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.