കൈക്കുഞ്ഞുമായി കൃഷിയിടത്തിൽ നൂറുമേനി വിജയവുമായി റാബിയ
text_fieldsകുരുമുളക് ചെടി പരിപാലിക്കുന്ന
റാബിയ
താനൂർ: പതിനഞ്ച് വർഷം മുമ്പ് കൈക്കുഞ്ഞുമായി കൃഷിയിടത്തേക്ക് ഇറങ്ങിയതാണ് റാബിയ. കൃഷിഭൂമിയിൽ വിയർപ്പൊഴുക്കിയപ്പോൾ വിജയത്തിെൻറ നൂറുമേനി. ഒഴൂർ പഞ്ചായത്ത് അഞ്ചാം വാർഡ് ഓമച്ചപ്പുഴ ഊരോത്തിയിൽ അബ്ദുസലാമിെൻറ ഭാര്യയാണ് ഈ 38കാരി. നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകളിൽ വയലിലും പറമ്പിലുമായി ബന്ധുക്കളിൽനിന്ന് പാട്ടത്തിനെടുത്തതുൾപ്പെടെ പതിനഞ്ചോളം ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുന്ന ഇവർ അറിയെപ്പടുന്ന ജൈവകർഷകയാണ്.
നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാർഡിലെ ചെനക്കൽ മുഹമ്മദ്കുട്ടി-ബിയ്യുട്ടി ദമ്പതികളുടെ മകളായ ഇവർക്ക് പിതൃമാതാവാണ് കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമായത്. ആദ്യകാലത്ത് കൈക്കുഞ്ഞുമായാണ് കാർഷികവൃത്തിക്ക് ഇറങ്ങിയത്. കുടുംബശ്രീ സി.ഡി.എസ് അംഗമായിരുന്ന ഇവർ വീട്ടുവളപ്പിൽ പച്ചക്കറികൾ നട്ടു തുടങ്ങിയത് പിന്നീട് വ്യാപിപ്പിക്കുകയായിരുന്നു.
എല്ലാ വർഷവും നന്നമ്പ്ര പഞ്ചായത്തിൽ മൂന്ന് ഏക്കറും ഒഴൂർ പഞ്ചായത്തിൽ ഏഴ് ഏക്കറും നെൽകൃഷി ചെയ്യുന്നു. വിവിധ പച്ചക്കറികളും കൂടാതെ കവുങ്ങ്, കുരുമുളക്, ഹൈബ്രിഡ് വയനാടൻ മഞ്ഞൾ, കപ്പ, വാഴ, തേനീച്ച, മഞ്ഞൾ, ഇഞ്ചി, ചേമ്പ്, ചേന, കാച്ചിൽ, ജാതിക്ക തുടങ്ങിയവയും ചെയ്യുന്നു. ഗ്രോബാഗിൽ കുരുമുളക്, കറിവേപ്പ്, കന്നുകാലികൾക്കുള്ള അസോള എന്നിവയുമുണ്ട്. അസോളക്കും ഹൈബ്രിഡ് മഞ്ഞളിനും കുരുമുളകിനും കവുങ്ങിൻ തൈക്കുമാണ് ആവശ്യക്കാർ കൂടുതൽ.
വാണിജ്യാടിസ്ഥാനത്തിലാണ് ഇന്ന് റാബിയയുടെ കൃഷി. വീട്ടിലെ പശുക്കളുടെ ചാണകത്തിൽനിന്ന് സ്വന്തമായി തയാറാക്കുന്ന മണ്ണിര കമ്പോസ്റ്റണ് വളമായി ഉപയോഗിക്കുന്നത്.
മക്കൾ വളർന്നതോടെ അവരുടെ സഹായത്തോടെ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. ഭർത്താവ് അബ്ദുസലാമിെൻറയും മക്കളുടെയും പൂർണ പിന്തുണയുമുണ്ട്. ബി.ടെക്കിന് പഠിക്കുന്ന മകൻ അബ്ദുൽ റാഷിദിനും കൃഷിയിൽ നല്ല താൽപര്യമുണ്ട്. ഒഴൂർ കൃഷി ഓഫിസർ ജേക്കബ് ജോർജ്, കുടുംബശ്രീ, പഞ്ചായത്ത്, കൃഷിഭവൻ, നാട്ടുകാർ, ബന്ധുക്കൾ എന്നിവരും പിന്തുണക്കുന്നു. അബ്ദുൽ റഷാദ്, മുഹമ്മദ് റഫ്നാദ്, മുഹമ്മദ് റസ്താൻ എന്നിവരാണ് മറ്റു മക്കൾ.