അക്ഷരങ്ങൾക്കായി ജീവിച്ച പരമേശ്വരൻ മാസ്റ്ററുടെ ഓർമകൾക്ക് കാൽ നൂറ്റാണ്ട് തികയുന്നു
text_fieldsപി.വി. പരമേശ്വരൻ മാസ്റ്റർ
താനൂർ: അക്ഷരങ്ങളെയും പുസ്തകങ്ങളെയും അത്രമേൽ സ്നേഹിച്ച മറ്റൊരാളുണ്ടാകില്ലെന്ന് അടുത്തറിയുന്ന ഏതൊരാൾക്കും ബോധ്യമാകുംവിധം ഒരു പുരുഷായുസ്സ് മുഴുവൻ വായനയെ പ്രോത്സാഹിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച താനൂർ പരമേശ്വരൻ മാസ്റ്റർ ഓർമയായിട്ട് കാൽ നൂറ്റാണ്ട് തികയുന്നു. 1923ൽ താനൂരിലെ പഴയ വളപ്പിൽ കണ്ണന്റെയും കുഞ്ഞിക്കാളിയുടെയും മകനായി ജനിച്ച പരമേശ്വരന്റെ സഞ്ചാരം കുട്ടിക്കാലം മുതലേ അക്ഷരങ്ങളോടൊപ്പമായിരുന്നു. ജില്ലയിലെ തന്നെ പ്രമുഖ ഗ്രന്ഥാലയങ്ങളിലൊന്നായ താനൂർ സഞ്ചാര ഗ്രന്ഥാലയത്തിന്റെ സ്ഥാപകനായ പരമേശ്വരൻ കുട്ടിക്കാലം മുതലേ പുസ്തകങ്ങൾ വായിക്കലും വായിപ്പിക്കലും ജീവിത ദൗത്യമായി ഏറ്റെടുത്തിരുന്നു.
അക്ഷരങ്ങളോടുള്ള ഈ വിദ്യാർഥിയുടെ അടങ്ങാത്ത അഭിനിവേശത്തിനുള്ള അംഗീകാരമായി എട്ടാം തരത്തിൽ പഠിക്കുമ്പോഴേ ഡി.എം.ആർ.ടി സ്കൂൾ എന്നറിയപ്പെട്ടിരുന്ന പഴയ ദേവധാർ സ്കൂളിൽ നെയ്ത്ത് അധ്യാപകനായി ജോലി ലഭിച്ചിരുന്നു. ഔപചാരികമായി സാക്ഷരത പ്രസ്ഥാനങ്ങൾ പിറവിയെടുക്കുന്നതിനും മുമ്പേ സാക്ഷരത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി താനൂരിന്റെ മുക്കുമൂലകളിൽ വായന പ്രചാരണവുമായി അദ്ദേഹം പ്രവർത്തനമാരംഭിച്ചിരുന്നു. അക്കാലത്ത് അറുപതോളം കേന്ദ്രങ്ങളിൽ അക്ഷര പഠന ക്ലാസുകളും നിശ പഠന ക്ലാസുകളും അദ്ദേഹം മുൻകൈയെടുത്ത് ആരംഭിച്ചിരുന്നു.
കൂടാതെ മഹിള സമാജങ്ങളും വയോജന പഠന കേന്ദ്രങ്ങളും സ്ഥാപിച്ചും സാക്ഷരത പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. പിതാവിന്റെ കടയിൽ രജിസ്റ്റർ സൂക്ഷിച്ച് ആളുകൾക്ക് പുസ്തകങ്ങൾ സൈക്കിളിൽ എത്തിച്ചു നൽകി വായിപ്പിച്ചിരുന്ന ആ ചെറുപ്പക്കാരന്റെ നേതൃത്വത്തിലാണ് 1937ൽ പ്രശസ്തമായ താനൂർ സഞ്ചാര ഗ്രന്ഥാലയം പിറവിയെടുക്കുന്നത്. ചെറിയ രീതിയിൽ തുടങ്ങിയ ഗ്രന്ഥാലയം വർഷങ്ങൾക്ക് മുമ്പ് ഭേദപ്പെട്ട കെട്ടിടത്തിലേക്ക് മാറിയെങ്കിലും കൂടുതൽ സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം അനിവാര്യമാകും വിധം ഗ്രന്ഥാലയം പുരോഗമിച്ചിട്ടുണ്ട്.
അക്ഷരങ്ങൾക്കായി ജീവിക്കുന്ന പരമേശ്വരൻ എന്ന യുവാവിനെപ്പറ്റി കേട്ടറിഞ്ഞ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ. പണിക്കർ അദ്ദേഹത്തെ നേരിൽ സന്ദർശിക്കുകയും ജില്ലയിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചുമതല അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. ജില്ലയിലുടനീളം നാൽപതോളം ഗ്രന്ഥാലയങ്ങൾ അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ചതിന് പുറമേ അനേകം മറ്റു ഗ്രന്ഥാലയങ്ങളുടെ പിറവിക്കു പിന്നിലും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. ജില്ലയിൽനിന്ന് ഗ്രന്ഥശാല സംഘത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥാലയവും പരമേശ്വരൻ മാസ്റ്റർ സ്ഥാപിച്ച താനൂർ സഞ്ചാര ഗ്രന്ഥാലയമായിരുന്നു.
തികഞ്ഞ ഗാന്ധിയൻ കൂടിയായിരുന്ന അദ്ദേഹം ഖാദി പ്രചാരണത്തിനും ഉപഭോക്തൃ അവകാശങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കാൻ സമയം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1980 മുതൽ പുറത്തിറങ്ങിയിരുന്ന വെട്ടം മാസികയും ശ്രദ്ധേയമായിരുന്നു.
പുതിയ എഴുത്തുകാർക്കടക്കം ഇടം നൽകി ശ്രദ്ധയമായ ഉള്ളടക്കത്തോടെ പ്രസിദ്ധീകരിച്ചിരുന്ന വെട്ടം മാസികക്ക് കേരളത്തിലുടനീളം തപാൽ വരിക്കാരുണ്ടായിരുന്നു. ഒറ്റക്കിരുന്ന് തപാലിൽ അയക്കേണ്ട മാസികളുടെ അഡ്രസ്സ് റാപ്പർ തയാറാക്കുന്ന പരമേശ്വരൻ മാഷിന്റെ ഓർമച്ചിത്രം അദ്ദേഹത്തിന്റെ പിൻതലമുറ ഇന്നും ഓർത്തെടുക്കുന്നു. മാസികക്ക് വേണ്ടി ഒറ്റയാൾ പ്രയത്നം നടത്തിയ മാഷിന്റെ വിയോഗത്തിന് ശേഷവും മകൾ പി.വി. ശ്രീരാജാമണിയുടെ നേതൃത്വത്തിൽ മാസിക പ്രസിദ്ധീകരിച്ചുവന്നെങ്കിലും സാങ്കേതിക പ്രയാസങ്ങളെ തുടർന്ന് പ്രസിദ്ധീകരണം നിലക്കുകയായിരുന്നു. കേരള സർക്കാർ പ്രഥമ പി.എൻ. പണിക്കർ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അർഹതക്കുള്ള അംഗീകാരമായി ആദ്യ പുരസ്കാരം ഏറ്റുവാങ്ങിയതും പരമേശ്വരൻ മാഷായിരുന്നു. 2000 ജനുവരി 15ന് വിട വാങ്ങിയ അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 16ന് അനുസ്മരണ സമ്മേളനം വിപുലമായ രീതിയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അനുസ്മരണ സമിതിയും ഗ്രന്ഥശാല പ്രവർത്തകരും.