താനൂരിൽ കടലാക്രമണം രൂക്ഷം; തീരവാസികൾ ഭീതിയിൽ
text_fieldsതാനൂരിൽ കടലാക്രമണക്കെടുതി നേരിട്ട വീടുകൾ താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
താനൂർ: താനൂരിൽ എടക്കടപ്പുറം, അഞ്ചുടി, ഒസ്സാൻകടപ്പുറം ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണം. ഒസ്സാൻകടപ്പുറം ഹാർബറിന് തെക്ക് ഭാഗത്ത് കടൽ ഭിത്തിക്ക് മുകളിലൂടെയാണ് തിരമാല ഇടിച്ചു കയറിയത്. ഇതേ തുടർന്ന് വീടുകളിൽ വെള്ളം കയറി. ചില ഭാഗങ്ങളിൽ കടൽ ഭിത്തിയും തകർച്ച ഭീഷണിയിലാണ്. എടക്കടപ്പുറത്ത് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. ഷംസു ചേപ്പാൻകടവത്ത്, ഹമീദ് മാർത്തങ്ങാട്ടിൽ, അബ്ദുറഹ്മാൻകുട്ടി ഹസ്സന്റെ പുരക്കൽ, ഫാറൂഖ് പൊന്നാക്കാരന്റെ പുരക്കൽ, ലത്തീഫ് കുട്ട്യാലികടവത്ത്, കമ്മക്കാന്റെ പുരക്കൽ അബൂബക്കർ, കമ്മക്കാന്റെ പുരക്കൽ ഷാഹുൽ ഹമീദ്, ചൊക്കിടിന്റെ പുരക്കൽ റഷീദ്, ഏറോക്കനക്കത്ത് റസാഖ്, ചെറിയ മൊയ്തീൻ കാനത്ത് കുഞ്ഞിവീ എന്നിവരുടെ വീടുകളിലാണ് കടലാക്രമണത്തെ തുടർന്ന് വെള്ളം കയറിയത്.
രണ്ടു ദിവസങ്ങളിലായി വേലിയേറ്റമുണ്ട്. ഞായറാഴ്ച ഉച്ചക്ക് 12നും 2 നും ഇടയിൽ ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരുന്നു. അഞ്ചുടിയിലും എടക്കടപ്പുറത്തും റോഡുകൾ കടലെടുത്ത സാഹചര്യമാണുള്ളത്. മത്സ്യബന്ധന ഗ്യാപ്പുകളിൽ കടൽ ഭിത്തി നിർമിക്കാതെ ഇതിന് പരിഹാരമുണ്ടാകില്ല. നിലവിലുള്ള കടൽഭിത്തിയുടെ ഉയരം അടിയന്തരമായി വർധിപ്പിക്കേണ്ടതുമുണ്ട്. തകർച്ച ഭീഷണിയുള്ള ഭാഗങ്ങളിൽ ഭിത്തി പുതുക്കി പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കടലാക്രമണക്കെടുതി ബാധിച്ച അഞ്ചുടി, എടക്കടപ്പുറം പ്രദേശങ്ങൾ തിരൂർ തഹസിൽദാർ മോഹനൻ, ഡെപ്യൂട്ടി തഹസിൽദാർ റിജി എന്നിവർ സന്ദർശിച്ചു. ജില്ല കളക്ടർക്ക് തിങ്കളാഴ്ച് തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. നഗരസഭ ചെയർമാൻ റഷീദ് മോര്യ, വൈസ് ചെയർപേഴ്സൻ സി.കെ. സുബൈദ, സ്ഥിരം സമിതി ചെയർപേഴ്സൻമാരായ പി.പി. മുസ്തഫ, കെ.പി. അലി അക്ബർ, കൗൺസിലർമാരായ ഹനീഫ, നജ്മത്ത്, മുൻ നഗരസഭ കൗൺസിലർ കെ. സലാം, ജാബിർ അഞ്ചുടി എന്നിവരും കൂടെയുണ്ടായിരുന്നു. മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം എം. അനിൽകുമാർ, ജില്ല കമ്മിറ്റിയംഗം എം.പി. മുഹമ്മദ് സറാർ, സി.പി.എം തീരദേശ ലോക്കൽ സെക്രട്ടറി കെ.പി. സൈനുദ്ദീൻ, ലോക്കൽ കമ്മിറ്റി അംഗം കെ. റസീന, കെ. റഷീദ് എന്നിവരും പ്രദേശം സന്ദർശിച്ചു.