പദ്ധതി നിർവഹണത്തിൽ ജില്ലയിൽ താനൂർ ഒന്നാമത്; സംസ്ഥാനത്ത് അഞ്ചാം സ്ഥാനം
text_fieldsതാനൂർ നഗരസഭ കാര്യാലയം
താനൂർ : പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് മുന്നേറ്റം നടത്തി താനൂർ നഗരസഭ. 110.88 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചാണ് നഗരസഭ ചരിത്ര നേട്ടം കൈവരിച്ചത്. 2024-25 വർഷത്തെ പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്താണ് താനൂർ നഗരസഭ. ജില്ലയിലെ ഒന്നാം സ്ഥാനത്തോടൊപ്പം തന്നെ സംസ്ഥാനത്ത് അഞ്ചാം സ്ഥാനം കൈവരിക്കാനായതും നഗരസഭക്ക് വലിയ നേട്ടമായി. ഈ ഭരണസമിതി കാലയളവിലെ മികച്ച നേട്ടമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ മേയ് 17ന് താനൂർ നഗരസഭയുടെ പുതിയ ചെയർമാനായി റഷീദ് മോര്യ അധികാരമേറ്റതിന് ശേഷം ചില സ്ഥിരംസമിതികളിലും മാറ്റം ഉണ്ടായിരുന്നു. കടുത്ത പ്രതിസന്ധികൾക്ക് നടുവിലാണ് താനൂർ നഗരസഭക്ക് വലിയ നേട്ടം കൈവരിക്കാനായതെന്നും നിർവഹണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാർ, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ തുടങ്ങിയവരുടെ കഠിന പരിശ്രമമാണ് നേട്ടത്തിന് പിന്നിലെന്നും നഗരസഭ ചെയർമാൻ റഷീദ് മോര്യ പറഞ്ഞു.
പുതുതായി ചുമതലയേറ്റ നഗരസഭ ചെയർമാന്റെ കൃത്യമായ ഇടപെടലുകൾ പദ്ധതി നിർവഹണത്തിലെ കുതിച്ചു ചാട്ടത്തിന് സഹായകമായി. സംസ്ഥാനത്ത് ആദ്യമായി പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ചും താനൂർ നഗരസഭ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.