ദേശീയ മത്സരത്തിലെ യോഗ്യത നാടിന് അഭിമാനമായി ജിംനാസ്റ്റിക്സിൽ വഹഫിന്റെ നേട്ടം
text_fieldsവഫഹ്
താനൂർ: ദേശീയതല സ്കൂൾ ജിംനാസ്റ്റിക്സ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി നാടിന് അഭിമാനമായി മാറി താനൂർ ഐ.സി.എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എ.പി. വഹഫ്. വ്യാഴാഴ്ച തലശ്ശേരിയിൽ നടന്ന സംസ്ഥാനതല സ്കൂൾ ജിംനാസ്റ്റിക്സ് മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ദേശീയതല മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന അഞ്ചംഗ ടീമിൽ വഹഫ് ഇടം നേടിയത്.
ആദ്യമായാണ് താനൂരിൽനിന്ന് ജിംനാസ്റ്റിക്സ് താരം ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടുന്നത്. ജിംനാസ്റ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന തല മത്സരത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ഈ മിടുക്കൻ മികച്ചൊരു ഫുട്ബാൾ താരം കൂടിയാണ്.
താനൂർ ശോഭ പറമ്പിലെ റൈസ് ഫിറ്റ് ജിംനാസ്റ്റിക്സ് ക്ലബിലെ പരിശീലകൻ ജുനൈസാണ് വഹഫിലെ പ്രതിഭയെ കണ്ടെത്തുന്നതും വളർത്തിയെടുക്കുന്നതും. നിലവിൽ ഇതേ കേന്ദ്രത്തിലെ താനിഷാണ് പരിശീലകൻ. താനൂർ കോർമൻ കടപ്പുറം സ്വദേശി എ.പി. ജംഷീദിന്റെയും നഹ്ലത്തിന്റെയും മകനായ വഹഫ് വരുന്ന ദേശീയ തല മത്സരത്തിലും കേരളത്തിനായി മികച്ച പ്രകടനം ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.