അങ്ങാടിപ്പുറത്ത് ദേശീയപാത അടച്ച് നവീകരണം; യാത്രാദുരിതത്തിൽ വലഞ്ഞ് ജനങ്ങൾ
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിന് സമീപം ആരംഭിച്ച റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിൽ ഇന്റർലോക്ക് കട്ട വിരിക്കൽ തുടങ്ങി. ബേബിമെറ്റൽ നിരത്തിയാണ് കട്ടവിരിക്കുന്നത്. ഈ ഭാഗത്ത് റോഡ് കുഴിയടച്ചാലും വേഗത്തിൽ തകരുന്നത് തുടർന്നപ്പോഴാണ് കട്ടവിരിക്കാൻ തീരുമാനിച്ചത്.
പ്രവൃത്തികൾ വേഗത്തിലാണ് നടത്തുന്നത്. ജൂലൈ അഞ്ചിനകം പ്രധാനഘട്ടം പൂർത്തിയാക്കാനും ആറു മുതൽ ചെറിയ വാഹനങ്ങൾക്ക് ഗതാഗതം ഭാഗികമായി അനുവദിക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. മഞ്ഞളാംകുഴി അലി എം.എൽ.എ തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച് പരമാവധി വേഗത്തിലും കുറ്റമറ്റ രീതിയിലും തീർക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
പാലക്കാട്-കോഴിക്കോട് ദേശീയപാത പൂർണമായും അടച്ചതോടെ പെരിന്തൽമണ്ണ, മഞ്ചേരി, മലപ്പുറം കോട്ടക്കൽ, വളാഞ്ചേരി എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ വലിയ പ്രതിസന്ധിയിലാണ്. മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ അങ്ങാടിപ്പുറം ടൗൺ വരെ എത്തി യാത്രക്കാരെ ഇറക്കി അവിടെ നിന്നും യാത്രക്കാരെ കയറ്റി മടങ്ങുകയാണ്.
അവിടെ ഇറക്കുന്ന യാത്രക്കാർ അര കി.മീ നടന്ന അങ്ങാടിപ്പുറം മേൽപ്പാലവും കടന്ന് അങ്ങാടിപ്പുറം ഗവ. പോളി ടെക്നിക്കിന് സമീപം വന്നാൽ ബസുണ്ട്. അതേസമയം, പെരിന്തൽമണ്ണയിൽ എത്തി തുടർന്നും സർവിസ് നടത്തേണ്ട ബസുകൾ ഓരാടംപാലം- വലമ്പൂർ-മുള്ള്യാകുർശി-പട്ടിക്കാട് റോഡ് വഴി പെരിന്തൽമണ്ണയിൽ എത്തും. ഇതുവഴി 15 കിലോമീറ്ററോളം സഞ്ചരിച്ചു വേണം പെരിന്തൽമണ്ണ സ്റ്റാൻഡിൽ എത്താൻ.
വാഹനങ്ങളാൽ നിറഞ്ഞ് ഇടറോഡുകൾ
പെരിന്തൽമണ്ണ: ദേശീയപാത അങ്ങാടിപ്പുറത്ത് അടച്ച് നവീകരണം തുടങ്ങിയതോടെ വലമ്പൂർ ഇടറോഡ് വാഹനങ്ങളാൽ നിറഞ്ഞു. മലപ്പുറം, മഞ്ചേരി, വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിൽനിന്ന് പെരിന്തൽമണ്ണ വഴി കടന്നു പോവേണ്ട ചെറുവാഹനങ്ങളും കാറുകളുമടക്കം വലമ്പൂർ റോഡ് വഴിയാണ് കടത്തി വിടുന്നത്. അങ്ങാടിപ്പുറം ടൗണിലെത്തുന്നതിന് രണ്ടു കി.മീ മുമ്പ് ഓരാടംപാലത്തിന് സമീപമാണ് വലമ്പൂർ റോഡ് ആരംഭിക്കുന്നത്.
അഞ്ചു കിലോ മീറ്റർ യാത്ര ചെയ്ത് വലമ്പൂരും പിന്നീട് അഞ്ചു കിലോ മീറ്റർ യാത്ര ചെയ്ത് പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ പരിസരവുമെത്തും. പിന്നീട് പാലക്കാട്, മണ്ണാർക്കാട് ഭാഗങ്ങളിലേക്ക് പോവേണ്ട വാഹനങ്ങൾ പെരിന്തൽമണ്ണയിലെത്തി യാത്ര തുടരണം. വലമ്പൂരിലും പട്ടിക്കാടും പൊലീസ് ഇടപെട്ട് ട്രാഫിക് നിയന്ത്രിക്കുന്നുണ്ട്. പെരിന്തൽമണ്ണയിൽനിന്ന് സർവിസ് തുടരേണ്ട ബസുകളെ പൊലീസ് കടത്തിവിടുന്നുണ്ട്.
കണ്ടെയ്നറുകൾ പെരിന്തൽമണ്ണ ടൗണിലോ അങ്ങാടിപ്പുറത്തോ എത്താതെ പെരിന്തൽമണ്ണ ടൗണിൽനിന്ന് പൊന്യാകുർശി ബൈപ്പാസ് വഴി ഊട്ടി റോഡിലും പിന്നീട് പാണ്ടിക്കാട്-മഞ്ചേരി-വള്ളുവമ്പ്രം റൂട്ടിലും കോഴിക്കോട്ടേക്കും തിരിച്ചും ഓടുന്നു. ഇടവഴിയായ അങ്ങാടിപ്പുറം ഏറാന്തോട് ഏഴുകണ്ണിപ്പാലം റോഡാണ് ബൈക്കുയാത്രികർ അധികം ആശ്രയിക്കുന്നത്. തിങ്കളാഴ്ച ഈ റോഡിൽ വലിയ തിരക്കായിരുന്നു. പ്രവൃത്തി നടക്കുന്ന റോഡിൽ ആംബുലൻസ് സർവിസിന് ഒരു ഭാഗം നീക്കിവെച്ചിട്ടുണ്ട്.
മേൽപ്പാലത്തിൽ റീടാറിങ് നടത്തണമെന്ന് ആവശ്യം
അങ്ങാടിപ്പുറം: ദേശീയപാത അടച്ചിട്ട ഘട്ടത്തിൽ മേൽപ്പാലം റീടാറിങ് കൂടി നടത്തുന്നത് ആലോചിക്കണമെന്ന് ആവശ്യം. കനത്ത ചൂടിൽ റോഡിലെ ടാർ ഒരു വഷത്തേക്ക് ഉരുകി ഒലിച്ചിറങ്ങിയും കുഴികൾ രൂപപ്പെട്ട് മേൽപ്പാലത്തിന്റെ സ്ലാബുകൾ കാണുന്ന രീതിയിലുമാണിപ്പോൾ.
പാലത്തിലെ റോഡിന് അരിക് ചില ഭാഗങ്ങിൽ ഉയരം കൂടിയതിനാൽ ഇരുചക്ര വാഹനങ്ങൾ ഇതിൽനിന്ന് തെന്നി മറ്റു വലിയവാഹനങ്ങളിൽ തട്ടി അപകടത്തിൽപ്പെടുന്ന സ്ഥിതിയുണ്ട്. വലിയ വാഹനങ്ങൾക്കു റോഡിലെ ഈ ഉയരങ്ങൾ ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദിവസങ്ങളോളം അടച്ചിടുന്ന മേൽപ്പാലത്തിൽ റോഡിലെ ഈ പണികൾ കൂടി തീർക്കുകയാണെങ്കിൽ ഇനി ടാറിങ്ങിനുവേണ്ടി മേൽപ്പാലം മറ്റൊരു സമയത്ത്അടച്ചിടേണ്ട ആവശ്യമില്ല എന്നാണ് യാത്രക്കാരും ഡ്രൈവർമാരും പറയുന്നത്.