സമീറിന് നിധിയാണ് എം.ടി സമ്മാനിച്ച പേന
text_fieldsസമീർ മുക്കത്ത് എം.ടിക്കൊപ്പം
പരപ്പനങ്ങാടി: മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ സമ്മാനിച്ച തൂലിക തന്റെ ശേഖരത്തിൽ നിധി പോലെ ചേർത്തുവെക്കുകയാണ് ഭിന്ന ശേഷി യുവാവായ സമീർ മുക്കത്ത്.
ഗ്രന്ഥശാല പ്രവർത്തകനായ സമീർ പ്രമുഖർ എഴുതി തീർത്തതുൾപ്പെടെ പേനകൾ ശേഖരിക്കുന്ന തിരക്കിനിടയിലാണ് എം.ടി. വാസുദേവൻ നായരെയും സമീപിച്ചത്. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ കൊട്ടാരം റോഡിനടുത്തുള്ള ‘സിതാര’യിലെത്തിയ സമീർ ആഗമനോദ്ദേശം നിരത്തിയതോടെ ഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു എം.ടിയുടെ ആദ്യ പ്രതികരണം. പേന തേടിയെത്തിയ തന്നെ ചേർത്തു നിർത്തിയ എം.ടി മകളെ വിളിച്ച് മുകളിലെ മുറിയിലെ അലമാരിയിൽ പ്രത്യേകം സൂക്ഷിച്ച പേന എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ പേന നീട്ടുന്നതിനിടയിൽ അതിന്റെ സവിശേഷതയും വ്യക്തമാക്കി. വിദേശത്ത് ഒരു പരിപാടിക്കിടെ പ്രവാസികൾ സമ്മാനിച്ച സ്നേഹ സമ്മാനമാണിതെന്ന് പറഞ്ഞ എം.ടി പേന തുറന്ന് എഴുതി കാണിക്കുന്നതിനിടെ പേനയിൽ നിന്ന് പുറത്തേക്ക് വെളിച്ചം പ്രസരിക്കുന്ന പ്രത്യേകതയും കാണിച്ചുതന്നു. പരപ്പനങ്ങാടി പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ കാൽ നൂറ്റാണ്ടുകാലമായി ലൈബ്രേറിയനാണ് സമീർ.