കേക്കണോ പ്രിയ കൂട്ടരേ നിലമ്പൂർ പാട്ടുത്സവത്തിന്റെ കഥ...
text_fieldsകിരാതമൂർത്തിയെ കുടിയിരുത്തിയ നിലമ്പൂർ വേട്ടക്കൊരു മകൻ ക്ഷേത്രം
നിലമ്പൂർ: നിലമ്പൂരിനിത് പാട്ടുൽസവക്കാലം. കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിലൊന്നായി നിലമ്പൂർ പാട്ടുത്സവം ടൂറിസം ഫെസ്റ്റ് വെൽ മാറി. കുലദൈവത്തെ കാണാൻ കാടിറങ്ങുന്ന ഗോത്ര ജനത ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം നിലമ്പൂർ പാട്ടുത്സവവും ആഘോഷിച്ചാണ് തിരികെ കാട് കയറുന്നത്.
നിലമ്പൂർ പാട്ടിന്‍റെ ചരിത്രം നിലമ്പൂർ കോവിലകവുമായി ഇഴചേർന്നതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ നെടിയിരുപ്പിൽ നിന്നുവന്ന തച്ചറക്കാവിൽ ഏറാടിമാരാണ് ചാലിയാറിന്‍റെ ഓരത്ത് നിലമ്പൂർ കോവിലകം സ്ഥാപിച്ചത്. മുന്നൂറ് വർഷത്തിലധികം പഴക്കം കോവിലകത്തിന് ഉണ്ടാകുമെന്നാണ് ചരിത്രകാരൻമാർ രേഖപ്പെടുത്തിയത്.
നിലമ്പൂർ തേക്കിന്‍റെ തങ്കനിറ കാതൽക്കൊണ്ട് പണിതുയർത്തിയ കോവിലകം 16 കെട്ടായിരുന്നു. 1953ല്‍ ഭാഗം വെപ്പ് കഴിഞ്ഞ് കൈമാറിയ കോവിലകം ഇന്ന് 12 കെട്ടാണ്. ഒരേ സമയം പഴമയുടെ ലാളിത‍്യവും പ്രൗഢിയും വിളിച്ചോതുന്ന ഓട്ടിട കെട്ടിടങ്ങൾ ഇപ്പോഴും തലയെടുപ്പോടെയുണ്ട്. കോവിലകത്തെ ഭക്തൻ തമ്പുരാൻ പതിനേഴ് മൈൽ അകലെയുള്ള തമിഴ്നാട് നീലഗിരിക്കുന്നിലെ ഗുഡല്ലൂർ നമ്പാലക്കോട്ട വേട്ടെക്കൊരു മകൻ ക്ഷേത്രത്തിലായിരുന്നു ദിനം തൊഴാൻ പോകാർ പതിവ്.
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് വഴി കൊടുംകാട്ടിലൂടെ കുതിരയിലായിരുന്നു പോക്ക് വരവ്. ഏറെക്കാലം കഴിഞ്ഞപ്പോൾ തമ്പൂരാന് ദിനം പ്രതിയുള്ള കുതിരയാത്ര പ്രയാസമായി വന്നു. ഇനി ദർശനത്തിന് വരാൻ കഴിയില്ലെന്ന് ദുഃഖഭാരത്തോടെ തമ്പൂരാൻ കുലദൈവത്തെ അറിയിച്ചു. ‘ഇനി വയ്യന്‍റെ വേട്ടേക്കാരാ, ദിവസം വന്നു തൊഴാൻ, എന്‍റെ കൂടെ ദയവുണ്ടായി നിലമ്പൂരിലേക്ക് വരണേ’ എന്ന തമ്പൂരാന്‍റെ പ്രാർഥന കിരാതമൂർത്തി സ്വീകരിച്ചു. പക്ഷേ ഒരു വ‍്യവസ്ഥ വെച്ചു. തന്‍റെ പ്രജകളായ ആദിവാസികൾക്ക് ആണ്ടിലൊരിക്കൽ ഭക്ഷണം നൽകണം. വ‍്യവസ്ഥ അംഗീകരിച്ച തമ്പൂരാൻ തന്‍റെ ചുരികയിൽ കിരാതമൂർത്തിയെ ആവാഹിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവന്ന് വേട്ടക്കൊരു മകൻ ക്ഷേത്രം സ്ഥാപിച്ച് ഇവിടെ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം.
തലയോടുപ്പോടെ കോവിലകം കവാടം
കുലദൈവത്തിന് കൊടുത്ത വാക്ക് ഇന്നും കോവിലകം പിൻമുറക്കാർ മുടങ്ങാതെ നടത്തിപോരുന്നു. വർഷത്തിലൊരിക്കൽ കാടിന്‍റെ മക്കൾ കാടിറങ്ങി വേട്ടേക്കാരനെ കാണാൻ വരും. അന്ന് ധനുമാസം ഇരുപതിന് നിലമ്പൂർ പാട്ടുത്സവം ആരംഭിക്കും. പതിനായിരങ്ങൾ പങ്കെടുക്കുന്ന സർവാണി സദ‍്യയിൽ, മതിയോ എന്ന് മൂന്ന് തവണ വിളിച്ചു ചോദിച്ച് മാത്രമവസാനിപ്പിക്കുന്ന ഊട്ട്. അവകാശമായി കിട്ടിയ ചോറും കറികളും തോർത്തുമുണ്ടിൽ ഭദ്രമായി കെട്ടും. ഏത് മഹാവ‍്യാധികൾക്കും വേട്ടേക്കാരന്‍റെ ഈ പ്രസാദം ഇവർ ഔഷധമായി കരുതുന്നു.
കൊടിമുള ഉയർത്തി തുടങ്ങുന്ന ക്ഷേത്ര ചടങ്ങുകളിൽ സർവാണ് സദ‍്യക്ക് പുറമെ പന്തിരായിരം നാളികേരം എറിയൽ, പാലുംവെള്ളരി, മേളക്കൊഴുപ്പോടെയുള്ള വലിയകളംപാട് തുടങ്ങി പ്രധാന ചടങ്ങുകൾക്ക് ശേഷം അയ്യപ്പൻ കളപാട്ടോടെയാണ് ക്ഷേത്രത്തിലെ ഉത്സവങ്ങൾ സമാപിക്കാറാണുള്ളത്.
ആര‍്യാടൻ ഷൗക്കത്ത് നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ 2006 മുതലാണ് നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവെലിന് തുടക്കമിട്ടത്. ഇന്ത‍്യയിൽ ആദ‍്യത്തെ സമ്പൂർണ നാലാം ക്ലാസ് വിദ‍്യാഭ‍്യാസം നേടിയ ഗ്രാമമായി നിലമ്പൂരിനെ പ്രഖ‍്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ചാണ് നിലമ്പൂർ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവെൽ ആരംഭിച്ചത്. കുലദൈവത്തെ കാണാൻ കാടിറങ്ങുന്ന ഗോത്ര ജനത ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം നിലമ്പൂർ പാട്ടുത്സവവും ആഘോഷിച്ചാണ് തിരികെ കാട് കയറ്റം.