ഭാരിച്ച പണിയുണ്ട്; വേണ്ടത്ര കൂലിയില്ല
text_fieldsമലപ്പുറം: എടുത്താൽ പൊങ്ങാത്ത പണിയുണ്ട്. പേരിൽ ടീച്ചറുമുണ്ട്. എന്നാൽ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ പാടുപെടുകയാണ് അംഗൻവാടി ജീവനക്കാർ. അംഗൻവാടി അധ്യാപകർക്ക് കേരള സർക്കാറിന്റെ വിഹിതമായി 5,800 രൂപയും കേന്ദ്രത്തിന്റെ 4,500 രൂപയും തദ്ദേശ സ്ഥാപനങ്ങളുടെ 2,200 രൂപയും ചേർത്ത് 12,500 രൂപയാണ് വേതനം നൽകുന്നത്. ഹെൽപർമാർക്ക് 8,750 രൂപയാണ് (ദിവസം 291) ഓണറേറിയമായി ലഭിക്കുന്നത്. ഇതുതന്നെ ഒന്നിച്ച് ലഭിക്കുന്നുമില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ദിവസം 346 രൂപ കൂലി ഉണ്ടായിരിക്കെയാണ് അംഗൻവാടി ഹെൽപർമാർക്ക് അതിലും കുറഞ്ഞ തുക ലഭിക്കുന്നത്.
എം.കെ. മുനീർ സാമൂഹിക ക്ഷേമ മന്ത്രിയായിരിക്കെ 2011-16 കാലയളവിൽ അംഗൻവാടി അധ്യാപകരുടെ ശമ്പളം 1,531ൽനിന്ന് വർധിപ്പിച്ച് 10,000 രൂപയാക്കിയിരുന്നു. എന്നാൽ പിന്നീടുള്ള ഒമ്പത് വർഷത്തിനിടെ ആകെ കൂട്ടിയത് 3,000 രൂപയോളം മാത്രമാണ്.
അതേസമയം, സമാന ജോലി ചെയ്യുന്ന പ്രീപ്രൈമറി സ്കൂൾ ടീച്ചർമാർക്കും ആയമാർക്കും15,000 രൂപ വീതം വർധിപ്പിക്കാനും 13 വർഷത്തെ കുടിശ്ശിക നൽകാനും കോടതി ഉത്തരവായിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറി ടീച്ചർമാരുടെ വേതനം 12,500ൽനിന്ന് 15,000 വർധിപ്പിച്ച് 27,500 രൂപയും 7500 രൂപ നൽകിയിരുന്ന ആയമാർക്ക് 15,000 രൂപ വർധിപ്പിച്ച് 22,500 രൂപയും നൽകണമെന്നാണ് കോടതി ഉത്തരവ്. സമാന രീതിയിൽ അംഗൻവാടി ജീവനക്കാരെയും സർക്കാർ പരിഗണിക്കണമെന്നാണ് ആവശ്യം.
കൂടുതൽ അംഗൻവാടികൾ മലപ്പുറത്ത്
സംസ്ഥാനത്ത് 33,115 അംഗൻവാടികളും 66,000ത്തോളം ജീവനക്കാരുമുണ്ട്. ഇതിൽ മലപ്പുറം ജില്ലയിലാണ് കൂടുതൽ. മലപ്പുറത്ത് 3,808 അംഗൻവാടികളും ആറായിരത്തിലധികം ജീവനക്കാരുമുണ്ട്. രാവിലെ മുതൽ വൈകീട്ട് 3.30 വരെ അംഗൻവാടിയിലും ശേഷം ഇരുട്ടുവോളം പ്രദേശത്തെ വീടുകൾ പോയി ഗർഭിണികൾ, കൗമാരക്കാർ, കുത്തിവെപ്പ് എടുത്തവർ, എടുക്കാത്തവർ തുടങ്ങി നാട്ടിലെ മുഴുവൻ വിവരവും ശേഖരിച്ച് റിപ്പോർട്ട് നൽകുകയും വേണം. തദ്ദേശ സ്ഥാപനങ്ങളുടെയടക്കം വിവിധ വകുപ്പുകളുടെ എടുത്താൽ പൊങ്ങാത്ത ജോലി ഭാരമാണ് ഇവരുടെ ചുമലിലുള്ളത്. ഈ ബജറ്റിലെങ്കിലും വേതന വർധനവ് ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. എന്നാൽ ഇവരുടെ വേതന വർധനവിനെക്കുറിച്ച് ഇക്കുറിയും പരാമർശമൊന്നുമുണ്ടായില്ല. ഭാരിച്ച പണിയെടുക്കുന്ന അംഗൻവാടി ജീവനക്കാരെ ചേർത്ത്പിടിച്ച് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്നാണ് ആവശ്യം.