പത്തിരിപ്പാലയിലെ ഹോട്ടലിൽ കവർച്ച; മണിക്കൂറുകൾക്കകം മോഷ്ടാവ് പൊലീസ് പിടിയിൽ
text_fieldsഅബ്ദുൽ റസാഖ്
പത്തിരിപ്പാല: പത്തിരിപ്പാലയിലെ ഹോട്ടലിൽ നിന്ന് കവർച്ച നടത്തി മുങ്ങിയ മോഷ്ടാവിനെ മങ്കര പോലീസ് മാങ്കുറുശിയിൽ നിന്നും പിടികൂടി. മലപ്പുറം കോട്ടക്കൽ പറപ്പൂർ കുഴിപ്പുറം തെരകരത്ത് വീട്ടിൽ അബ്ദുൽ റസാഖ് (36) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ മങ്കരയിൽ വാഹനപരിശോധന നടത്തുന്നതിനിടയിൽ പൊലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഇയാളെ പിൻതുടർന്ന് മാങ്കുറുശ്ശിക്ഷേത്രത്തിന് സമീപം പിടികൂടുകയായിരുന്നു.
കവർച്ചക്ക് ഉപയോഗിച്ചിരുന്ന കമ്പിപ്പാര, സ്ക്രൂഡ്രൈവർ, നാണയങ്ങൾ എന്നിവയും 6500 രൂപയും കണ്ടെടുത്തു. ചോദ്യംചെയ്യലിൽ പത്തിരിപ്പാല പെട്രോൾ പമ്പിന് സമീപത്തെ അമ്പാടി ഹോട്ടലിൽ ഷീറ്റുകൾ പൊളിച്ച് കവർച്ച നടത്തിയതായും ഹോട്ടലിൽ നിന്നും 6500 രൂപയോളം മോഷണം പോയതായും പൊലീസ് സ്ഥിരീകരിച്ചു.
വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പാലക്കാട് സ്ഥിരതാമസമാക്കി മോഷണം നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. പ്രതാപ്, സബ് ഇൻസ്പെക്ടർ സുൽഫിക്കർ, ഗ്രേഡ് എ.എസ്.ഐ സത്യനാരായണൻ, സി.പി.ഒ ശ്രീകൃഷ്ണകുമാർ, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.