40 വർഷത്തോളം സേവനം; തപാൽ വകുപ്പിൽനിന്ന് അബുട്ടി പടിയിറങ്ങി
text_fieldsവിരമിച്ച തിരുനാവായ പോസ്റ്റുമാൻ സി.പി. അബുട്ടിയെ എടക്കുളം ലക്കിസ്റ്റാർ ക്ലബിന്റെ നേതൃത്വത്തിൽ ഉപഹാരം
നൽകി ആദരിക്കുന്നു
തിരുനാവായ: നാല് പതിറ്റാണ്ടിലെ സേവനത്തിന് ശേഷം തപാൽ വകുപ്പിൽനിന്ന് സി.പി. അബുട്ടി വിരമിച്ചു. എടക്കുളം സ്വദേശി ചക്കാലിപറമ്പിൽ അബുട്ടിയാണ് തിരുനാവായ പോസ്റ്റ് ഓഫിസിൽനിന്ന് വിരമിച്ചത്.
1986ലാണ് അബുട്ടി തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജെ.ഡി.എം.പി തസ്തികയിൽ ജോലിയാരംഭിച്ചു. 2010ലാണ് പോസ്റ്റുമാൻ പരീക്ഷ പാസായത്. പൊന്നാനി, രണ്ടത്താണി അടക്കമുളള സ്ഥലങ്ങളിൽ ദീർഘകാലം ജോലി ചെയ്ത അദ്ദേഹം 2012 ലാണ് തിരുനാവായ പോസ്റ്റ് ഓഫിസിൽ പോസ്റ്റ്മാനായെത്തിയത്. 35 വർഷത്തിലധികമായി അബുട്ടിയുടെ ഔദ്യോഗിക ജീവിതം തിരുനാവായ പോസ്റ്റ് ഓഫിസിലായിരുന്നു. ഒരുകാലത്ത് എടക്കുളത്തിന്റെ ഫുട്ബാൾ ലഹരിക്കൊപ്പം സഞ്ചരിച്ച അബുട്ടി സെവൻസ് ഫുട്ബാളിലെ മികച്ച താരമായിരുന്നു.
എടക്കുളം ലക്കിസ്റ്റാർ ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു. എടക്കുളം ജി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക യു. പ്രമീള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റസിയ കുട്ടപ്പാട്ടിൽ അധ്യക്ഷത വഹിച്ചു.
ടി.പി. അർഷാദ് ഉപഹാര സമർപ്പണം നടത്തി. താഹിർ, പി.പി റാഫി എന്നിവർ പൊന്നാടയണിയിച്ചു. നൗഫൽ ചേരിയിൽ, പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ മുഹമ്മദ് റാഫി, സി.വി. ജാഫർ എന്നിവർ സംസാരിച്ചു. യൂസഫ് തൊരടിക്കൽ, അബൂബക്കർ, റിയാസ്റഫീഖ്, സൈനുൽ ആബിദ് എന്നിവർ സംബന്ധിച്ചു.