രോഗം വിളിച്ചുവരുത്തി തിരുനാവായയിലെ ലിഫ്റ്റ് ഇറിഗേഷൻ കനാലുകൾ
text_fieldsതിരുനാവായയിൽ മാലിന്യം നിറഞ്ഞ ഇറിഗേഷൻ കനാൽ
തിരുനാവായ: മസ്തിഷ്ക രോഗം പടർന്നുപിടിക്കുന്നതിനിടെ, മാലിന്യം നിറഞ്ഞ് പൊതുജനാരോഗ്യത്തിന് ഭീഷണിയായി തിരുനാവായയിലെ ലിഫ്റ്റ് ഇറിഗേഷൻ കനാലുകൾ. താഴത്തറയിൽ നിന്ന് തിരുനാവായ, വാവൂർ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാലുകളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിറഞ്ഞിരിക്കുന്നത്. ജനം തിങ്ങി ത്താമസിക്കുന്ന പ്രദേശമാണിത്. കുട്ടികൾ തോട്ടിലിറങ്ങി മീൻ പിടിക്കുന്നതും പതിവാണ്. ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ മുണ്ടകൻ കൃഷി ചെയ്യുന്ന സ്ഥലവുമാണിത്.
ഇത്രയും വലിയ പാടശേഖരത്തിലേക്കാണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം വന്നു ചേരുന്നത്. പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമായ വിധത്തിലാണ് കനാലുകളുടെ നിലവിലെ അവസ്ഥ. ആരോഗ്യ വകുപ്പും പഞ്ചായത്തും പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. തിരുനാവായയിലെ ലിഫ്റ്റ് ഇറിഗേഷൻ കനാലുകൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ തയ്യിൽ മുജീബ് നൈനയുടെ നേതൃത്വത്തിൽ നാട്ടുകാർ ആരോഗ്യ മന്ത്രി വീണ ജോർജിനും ഇറിഗേഷൻ ചീഫ് എൻജിനീയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും പരാതി നൽകി. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ചെയ്യാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പരാതിക്കാരെ അറിയിച്ചു.