ആറ്റുവഞ്ഞി പൂത്തുലഞ്ഞു; നിള നരച്ചു
text_fieldsനിളയെ കീഴടക്കിയ ആറ്റുവഞ്ഞി പുൽക്കാട്
തിരുനാവായ: നിളയിലുടനീളം ആറ്റുവഞ്ഞി (വഞ്ചിയല്ല) പുല്ലുകൾ പൂത്തുലഞ്ഞതോടെ നിളമൊത്തം നരച്ച പ്രതീതി. നിളയിലെ മണൽത്തിട്ടകൾ നീക്കം ചെയ്യാത്തതിനാൽ കുറച്ചുകാലമായി വേനലിലെ സ്ഥിതിവിശേഷമാണിത്. ആളുയരത്തിലാണ് ഇവ തഴച്ചുവളർന്നു നിൽക്കുന്നത്. ചിലയിടങ്ങളിൽ മരങ്ങളും തണൽ വിരിച്ച് നിൽക്കുന്നത് പ്രകൃതി സ്നേഹികൾക്ക് നയനാനന്ദകരമായ കാഴ്ചയാണ്. ഇവയിൽ ഒട്ടേറെ പറവകളും കൂടുകൂട്ടി അധിവസിക്കുന്നുണ്ട്. തൃത്താല മുതൽ ചമ്രവട്ടം വരെ പുഴയിൽ ആറ്റുവഞ്ഞി ആധിപത്യം സ്ഥാപിച്ചതോടെ വെള്ളം ഒരു ഭാഗത്തു കൂടിയാണ് ഒഴുകുന്നത്.
വേനൽ ശക്തമാകുന്നതോടെ നീർച്ചാലായി മാറുന്ന പുഴ വർഷക്കാലത്ത് കൂലം കുത്തി ഒഴുകി വരുന്ന വെള്ളം സുഗമമായി ഒഴുകാൻ കഴിയാതെ കരകവിഞ്ഞാണ് തിരുനാവായ തവനൂർ, തൃപ്രങ്ങോട് പഞ്ചായത്തുകൾ പ്രളയഭീഷണിയിലാകുന്നത്. തീർന്നില്ല, ഈ പുൽക്കാടുകളിൽ പണം വെച്ച്ചീട്ടുകളി, അനാശാസ്യം എന്നിവയും നടക്കുന്നുണ്ട്. കുറഞ്ഞ വിലക്ക് ചന്തകളിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന കാലികളെ കച്ചവടക്കാർ നമ്പറിട്ട് അഴിച്ചുവിടുന്നതും ഇവിടെത്തന്നെ. മഴക്കാലത്ത് മലവെള്ളം വന്ന് കുത്തിയൊലിക്കുമ്പോൾ ഒട്ടേറെ കാലികളും കടലിലേക്ക് ഒഴുകിപ്പോകുന്നതും പതിവാണ്. കുറുക്കൻ, കാട്ടുപൂച്ച, നായ്ക്കൾ, ഇഴജന്തുക്കൾ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണിത്. മഴക്കാലത്ത് ഇവ ജീവരക്ഷാർഥം കൂട്ടത്തോടെ കരയിലേക്ക് പാഞ്ഞുകയറുന്നത് ജനങ്ങളെ പ്രയാസത്തിലാക്കാറുണ്ട്.
ഈയിടെ പുഴയോര പ്രദേശങ്ങളിൽ കെണ്ടന്നു പറയുന്ന അജ്ഞാത ജീവികളും മഴക്കാലത്ത് ഒഴുകിയെത്തി പുൽകാടുകളിൽ കഴിയുന്നവയാവാം. മണൽത്തിട്ടകളും പുൽകാടുകളും നീക്കി പുഴ വൃത്തിയാക്കുന്ന കാര്യത്തിൽ രാഷ്ട്രീയക്കാർക്കും അധികാരികൾക്കും അനക്കമില്ല.