തിരുനാവായ, വാവൂർ പാടശേഖരങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല; കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
text_fieldsവെള്ളം മൂടിയ നെൽപ്പാടത്തിന് സമീപം കർഷകർ
തിരുനാവായ: തിരുനാവായ, വാവൂർ പാടശേഖരങ്ങളിൽ 10 വർഷത്തിലേറെയായി തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് കർഷകർ. അല്ലാത്തപക്ഷം 350ഓളം ഏക്കർ പാടശേഖരം തരിശിടുമെന്ന് മുന്നറിയിപ്പു നൽകി. ഇത്തവണ സെപ്തംബറിൽ ഞാറിട്ട് ഒക്ടോബറിൽ നട്ട നെൽപ്പാടങ്ങളാണ് വെള്ളത്തിൽ മുങ്ങി കിടക്കുന്നത്. സൗത്ത് പല്ലാർ അജിതപ്പടി റോഡിൽ വാലില്ലാപുഴക്ക് കുറുകെ നിർമിച്ച ഓവുപാലത്തിലൂടെ വെള്ളം ഒഴിഞ്ഞു പോകാത്തതാണ് ആഴ്ചകൾ നീളുന്ന വെള്ളക്കെട്ടിന് കാരണമെന്ന് കർഷകർ പറയുന്നു.
ഓരോ വർഷവും കൃഷി മുങ്ങി നശിക്കുന്നതിനാൽ കർഷകർക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിക്കുന്നത്. ഇക്കാര്യം കർഷകർ നിവേദനങ്ങളിലൂടെയും സമരങ്ങളിലൂടെയും വകുപ്പു മന്ത്രിയെ വരെ ധരിപ്പിച്ചിട്ടും പരിഹാരമില്ല. 20 വർഷമായി ദുരിതം തുടങ്ങിയിട്ട്.
വാലില്ലാ പുഴയുടെ ശേഷിക്കുന്ന ഭാഗങ്ങൾ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് സൗകര്യപ്പെടുത്താത്തതും വെള്ളക്കെട്ടിനു കാരണമാകുന്നതായി കർഷകർ പറയുന്നു. ഈ സാഹചര്യത്തിലാണ് പാടശേഖരം തരിശിടാൻ കർഷകർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച യോഗത്തിൽ തിരുനാവായ പാടശേഖര സമിതി കൺവീനർ ബാലകൃഷ്ണൻ. വാവൂർ പാടശേഖര സമിതി കൺവീനർ സി.വി. ബാവ, സി.പി. ബഷീർമാസ്റ്റർ, കുഞ്ഞൈദ്രു വാവൂർകുന്ന്, മുൻ ബ്ലോക്ക് മെംബർ സെയ്ഫുന്നീസ, മുഹമ്മദ് പൂവത്തിങ്ങൽ, നജീബ്, സിദ്ദീഖ് സൗത് പല്ലാർ, മൊയ്തു ഹാജി വടക്കിനിയകത്ത്, സി.പി. കുഞ്ഞൈദ്റു എന്നിവർ സംസാരിച്ചു.


