ധനുമാസക്കുളിരുമായി തിരുവാതിരയെത്തി
text_fieldsതിരുനാവായ: ഗതകാലസ്മരണകളെ വീണ്ടുമുണർത്തി ധനുമാസത്തിലെ തിരുവാതിര വീണ്ടുമെത്തി. ജനുവരി 13നാണ് തിരുവാതിര. തിരുവാതിരയുടെ ആചാരങ്ങൾക്ക് ദേശാനുസൃതമായി കാതലായ മാറ്റങ്ങളുണ്ടെങ്കിലും തിരുവാതിര നോമ്പ്, ആർദ്രാ ദർശനം എന്നിവയെല്ലാം പൊതുവേ സമാനമാണ്.
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനും മക്കളുടെ ഐശ്വര്യത്തിനുമായും അവിവാഹിതകൾ ഉത്തമ വിവാഹത്തിനായും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനു മുമ്പ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കും. പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. തിരുവാതിരത്തലേന്ന് പാതിരാപൂ ചൂടുന്ന സമ്പ്രദായവും നിലനിന്നിരുന്നു.
തിരുവാതിര നോമ്പ് നോൽക്കുന്ന സ്ത്രീകൾക്ക് കൂവപ്പായസവും കാച്ചിൽ, കൂർക്ക, ചേന, ചേമ്പ്, ചെറുകിഴങ്ങ്, പയർ, തേങ്ങ, ഏത്തക്ക എന്നിവ ചേർത്തുണ്ടാക്കുന്ന എട്ടങ്ങാടി പുഴുക്കും പലഹാരമായിരുന്നു. ഓണത്തിന് നേന്ത്രപ്പഴത്തിനുള്ള പ്രാധാന്യമാണ് തിരുവാതിരക്ക് മൈസൂർ പഴത്തിന്.
പുതുതായി കല്യാണം കഴിച്ചവർ ദീർഘസുമംഗലികളായിരിക്കാൻ ഉറക്കമൊഴിച്ചും പാതിരാപ്പൂ ചൂടിയും നടത്തുന്ന ചടങ്ങാണ് മംഗലപ്പാതിര. കാലാനുസൃതമായി ആചാരങ്ങൾ പലതും കാലഹരണപ്പെട്ടെങ്കിലും ഗൃഹാതുര സ്മരണകളിൽ തിരുവാതിരക്കുളിരും പുഴുക്കും കൂവപ്പായസവും കളികളും ഇന്നുമുണ്ട്.