വിദ്യാര്‍ഥിക്ക് നേരെ പീഡനശ്രമം: അസം സ്വദേശി അറസ്റ്റില്‍
text_fieldsഅയ്നല്‍ അലി
തിരൂരങ്ങാടി: ട്യൂഷന് പോകുകയായിരുന്ന 12 വയസ്സുകാരിക്ക് നേരേ പീഡനശ്രമം. അസം ബര്‍പ്പെറ്റ ബോഗ്ഡിയ ബൈസ സ്വദേശി സര്ത്തബരി വീട്ടില്‍ അയ്നുല്‍ അലി(36)യാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. രാവിലെ ട്യൂഷന് വേണ്ടി പോകുമ്പോള്‍ ചെമ്മാട് കല്ലുപറമ്പന് റോഡിലെ ഇടവഴിയിലെത്തിയപ്പോള്‍ പിറകെ എത്തിയ അലി പെണ്‍കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു ക്വാർട്ടേഴ്സിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
ഇതിനിടെ മാറാന്‍ ശ്രമിച്ച കുട്ടിയെ ഇരുകൈകളും പിറകിലേക്ക് കെട്ടി വലിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ചു. ഇതോടെ നിലത്തുകിടന്ന കുട്ടി പ്രതിയുടെ കാലിനിടയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കരച്ചില് കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കാര്യം തിരിക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ നാട്ടുകാര്‍ തിരൂരങ്ങാടി പൊലീസില്‍ വിവരമറിയിച്ചു.
പൊലീസെത്തി പരിസരത്തെ ക്വാർട്ടേഴ്സില്‍ പരിശോധന നടത്തി പിടികൂടുകയായിരുന്നു. ചെമ്മാട് ടൗണിനോട് ചേര്‍ന്നുള്ള ഇടവഴിയില്‍ ഇത്തരം സംഭവമുണ്ടായ ഞെട്ടലിലാണ് പ്രദേശത്തെ ജനങ്ങള്‍. 12 വയസ്സ് മാത്രം പ്രായമുള്ള കുട്ടി കരാട്ടെ പരിശീലിക്കുന്നത് കൊണ്ടാണ് പ്രതിയുടെ പിടിയില്‍നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത്. പ്രതിയുടെ കൂടെ മറ്റു സഹായികളുണ്ടോ എന്നും മറ്റും പൊലീസ് അന്വേഷിക്കുന്നുണ്ട്.