കൂരിയാടിന് പിറകെ തലപ്പാറയിലും റോഡിൽ വിള്ളൽ; പ്രദേശത്ത് മഴ തുടരുന്നു
text_fieldsതിരൂരങ്ങാടി: കൂരിയാടിന് പിറകെ തലപ്പാറയിലും റോഡിൽ വിള്ളൽ രൂപപ്പെടുകയും പ്രദേശത്ത് ശക്തമായ മഴ പെയ്യുകയും ചെയ്യുന്നതിനാൽ ജനങ്ങൾ കൂടുതൽ ആശങ്കയിലാണ്. വയൽ പ്രദേശവും ചതുപ്പുനിറഞ്ഞ പ്രദേശവുമായ ഇവിടെ വിള്ളൽവീണ ഭാഗത്തൂടെ വെള്ളം ഒലിച്ചിറങ്ങി മണ്ണുകൾ തെന്നിമാറി റോഡ് പൊളിഞ്ഞുവീഴുമോ എന്ന് ആശങ്കയിലാണ് ജനം.
ചൊവാഴ്ച വില്ലൻ രൂപപ്പെട്ട തലപ്പാറയിൽ നിർമാണ കമ്പനിയുടെ തൊഴിലാളികൾ വന്ന് വിള്ളൽ ഭാഗത്ത് പശ പുരട്ടുകയും സിമന്റ് കൊണ്ട് ചായം പൂശുകയും ചെയ്തിരുന്നു. ഇത് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിക്കുകയും തൊഴിലാളികളെ അവിടെനിന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പറഞ്ഞയക്കുകയും ചെയ്തിരുന്നു.
വിള്ളലും ഗർത്തവും രൂപപ്പെട്ട ദേശീയപാതയിലെ കൂരിയാട് തലപ്പാറ പ്രദേശങ്ങൾ വിദഗ്ധസംഘം പരിശോധിച്ച് നിർമാണത്തിലെ അപാകത കണ്ടെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റി എത്രയുംപെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു.