ചാനലിന് വിഡിയോ പകർത്താൻ പൊലീസ് യുവാവിനെ കൈയാമം വെച്ചതായി പരാതി
text_fieldsതിരൂരങ്ങാടി: സ്വകാര്യ ചാനലിന് വിഡിയോ പകർത്താനായി യുവാവിനെ പൊലീസ് കൈയാമം വെച്ചതായി പരാതി. സ്വകാര്യ ചാനൽ മേധാവിയെയും കുടുംബത്തെയും അധിക്ഷേപിച്ച് റീൽസ് പ്രചരിപ്പിച്ച സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത മൂന്നിയൂർ യു.എച്ച് നഗർ സ്വദേശി ചെമ്പൻ അബ്ദുൾ റഷീദിനെയാണ് കൈയാമം വെച്ച് വിഡിയോ ഷൂട്ടിനിരയാക്കിയത്. ഒരു സൈബർ കേസുണ്ടെന്നും വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്നും സ്റ്റേഷനിൽനിന്ന് റഷീദിനെ അറിയിച്ചിരുന്നു.
ഹാജരാകാമെന്ന് അറിയിച്ചെങ്കിലും ബുധനാഴ്ച രാത്രി 11ഓടെ വീടു വളഞ്ഞ് റഷീദിനെ അറസ്റ്റ് ചെയ്തെന്നാണ് പരാതി. വ്യാഴാഴ്ച രാവിലെ സ്വകാര്യ ചാനൽ ടീമെത്തിയ ശേഷം കൈയിൽ വിലങ്ങണിയിച്ച് സ്റ്റേഷനിൽ നിന്നിറക്കി ആശുപത്രിയിലേക്ക് എന്ന വ്യാജേന കുറച്ച് ദൂരം കൊണ്ടുപോയി തിരിച്ച് സ്റ്റേഷനിൽതന്നെ എത്തിച്ചു.
ഇതിനുശേഷം വ്യാഴാഴ്ച അർധരാത്രിയോടെയാണ് ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാവിലെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചു. റഷീദിന്റെ കുടുംബം മനുഷ്യാവകാശ കമീഷനും യുവജന കമീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.