പ്രളയ ഫണ്ട് തിരിച്ചടക്കല്‍; ആശങ്കയിൽ ബഷീര്‍
text_fieldsപ്രളയ ഫണ്ട് തിരിച്ചടക്കണമെന്ന് നോട്ടീസ് ലഭിച്ച
കൊടിഞ്ഞി കാടംകുന്നിലെ കോട്ടപറമ്പില്‍ ബഷീറിന്റെ
പൊളിഞ്ഞുവീഴാറായ വീട്
തിരൂരങ്ങാടി: 2019 പ്രളയത്തില്‍ ലഭിച്ച തുക തിരിച്ചടക്കാനുള്ള സര്‍ക്കാര്‍ നിർദേശം ലഭിച്ചതോടെ കൊടിഞ്ഞി കാടംകുന്നിലെ കോട്ടപറമ്പില്‍ ബഷീര്‍(53) ആശങ്കയിലാണ്. ഏഴ് ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിയിലേക്ക് കടക്കുമെന്നാണ് തിരൂരങ്ങാടി തഹസില്‍ദാര്‍ നല്കിയ നോട്ടീസില്‍ പറയുന്നത്.
പ്രളയത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചതോടെ സര്‍ക്കാര്‍ ദുരിതാശ്വാസ സഹായമായി നല്കിയ 20,000ല്‍ 10,000 രൂപ തിരിച്ചടക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
പക്ഷാഘാതം വന്നതോടെ ശരിക്ക് നടക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലുള്ള ബഷീറിന്റെ കൈവശം പണമൊന്നുമില്ല. പണമില്ലാത്തതിനാല്‍ ഫിസിയോ തെറപ്പി ചെയ്യാറില്ലെന്ന് ബഷീര്‍ പറഞ്ഞു. കൊടിഞ്ഞി മഹല്ല് പള്ളിയില്‍നിന്ന് മരുന്ന് വാങ്ങാന്‍ ലഭിച്ച ധനസഹായം ഉപയോഗിച്ച് ദൈനംദിന ജീവിതം തള്ളിനീക്കുകയാണ് ഇദ്ദേഹം.
പെണ്മക്കളെ കല്യാണം കഴിച്ചയച്ചു. ഭാര്യ ഒന്നര വര്‍ഷം മുമ്പ് മരിച്ചു. ശരിക്ക് വഴിപോലുമില്ലാത്ത ഓടും ഷീറ്റും മേഞ്ഞ വീട്ടില്‍ ഒറ്റക്കാണ് താമസം. ഇടക്ക് മക്കള്‍ കൂട്ടിനെത്തും. മക്കളെത്തുമ്പോഴാണ് കാര്യമായി ഭക്ഷണം പോലും ഉണ്ടാക്കുന്നതെന്ന് ബഷീര്‍ പറയുന്നു. അതിദയനീയ ജീവിതം നയിക്കുന്ന ഇദ്ദേഹമുള്‍പ്പെടെ 125 പേര്‍ക്കാണ് സര്‍ക്കാര്‍ പണം തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഫണ്ട് അനുവദിച്ച കാലത്ത് സാങ്കേതിക തകരാർ കാരണം 10,000 രൂപ അധികം കയറിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നോട്ടീസ് ലഭിച്ച പണം തിരിച്ചടക്കാന്‍ കഴിയുന്നവരെല്ലാം ഇതിനോടകം തിരിച്ചടച്ചിട്ടുണ്ട്. എന്നാല്‍ അതിന് കഴിയാത്തവര്‍ ഏറെയാണ്. അത്തരത്തിലുള്ളവരുടെ പണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.